കോവിഡ് ബാധയിൽ വലയുന്ന മധ്യപ്രദേശ് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ വിദഗ്ധരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ചു. പ്രസിദ്ധ യോഗ ഗുരു ബാബ രാംദേവിനെയാണ് ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം സമീപിച്ചിരിക്കുന്നത്.
ഇതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയും 52 ജില്ല മെഡിക്കൽ ഓഫിസർമാരുമടക്കം പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ ബാബ രാംദേവ് ക്ലാസെടുത്തു. പ്രാണായാമം, ആയുർവേദ മരുന്നുകൾ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കാനും കോവിഡ് -19 അകറ്റാനും സഹായിക്കുമെന്ന് രാംദേവ് പറഞ്ഞു.
വ്യക്തിയുടെ പ്രതിരോധശേഷി ശക്തമാണെങ്കിൽ ഒരു ദോഷവും വരുത്താൻ കൊറോണക്ക് കഴിയില്ല. അശ്വഗന്ധ, ഗിലോയ് എന്നീ ഔഷധസസ്യങ്ങൾ അണുബാധയുടെ ശൃംഖല തകർക്കാൻ ഫലപ്രദമാണ്. കൊറോണ ചികിത്സയിൽ ഇവയുടെ ഉപയോഗം നല്ല ഫലം കാണിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി രണ്ട് കോടി പേർക്ക് സംസ്ഥാനത്ത് ഇതിനകം കഷായസിറപ്പ് നൽകിയതായി മുഖ്യമന്ത്രി ചൗഹാൻ പറഞ്ഞു. രോഗത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ ആയുർവേദ മരുന്നുകളും പ്രാണായാമവും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ കഷായൻ -20 എന്ന ആയുർവേദ മരുന്ന് നൽകിയ 532 രോഗികളിൽ 504 പേർ സുഖം പ്രാപിച്ചതായി ആയുഷ് വകുപ്പ് സെക്രട്ടറി എം.കെ. അഗർവാൾ അറിയിച്ചു. കൊറോണക്ക് മരുന്ന് കണ്ടെത്താൻ സംസ്ഥാനത്തെ ഏഴ് ആയുർവേദ ആശുപത്രികളിൽ വിദഗ്ധ സംഘം ഗവേഷണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 5735 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 270 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 267 രോഗികൾ മരിച്ചു. അതീവ ഗുരുതാവസ്ഥയാണ് സംസ്ഥാനം നേരിടുന്നത്.
