രാജ്യം കോവിഡ് മഹാമാരിയെ നേരിടാൻ ഒറ്റക്കെട്ടായി പൊരുതുന്നതിനിടയിൽ വൻ അഴിമതി നടത്തി ബിജെപി. ഹിമാചൽ പ്രദേശിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലാണ് അഴിമതി നടന്നിരിക്കുന്നത്. വ്ഷയത്തിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് രാജിവച്ചു.
അഴിമതിക്കേസിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ അജയ് കുമാർ ഗുപ്തയെ മേയ് 20ന് വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബിജെപി പ്രസിഡൻ്റായ രാജീവ് ബിൻഡാൽ ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.
ലോകം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ നടത്തിയ അഴിമതിയുടെ പാപത്തിൽനിന്ന് മുക്തി നേടാൻ ബിജെപിക്ക് കഴിയില്ലെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജയറാം താക്കൂറിനാണ് ആരോഗ്യവകുപ്പിൻ്റെ അധിക ചുമതല. ഇദ്ദേഹത്തിന് ധാർമ്മിക ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് കുൽദീപ് സിംഗ് റാത്തോഡും നിയമസഭാ പാർട്ടി നേതാവ് മുകേഷ് അഗ്നിഹോത്രിയും പ്രസ്താവനയിൽ പറഞ്ഞു. അഴിമതിയെക്കുറിച്ച് ഹൈകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മെഡിക്കൽ വിതരണക്കാരനിൽനിന്ന് ഗുപ്ത അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദസന്ദേശം വൈറലായതിനെ തുടർന്നാണ് അഴിമതി വിവരം പുറത്തായത്. അതേസമയം, അഴിമതി ആരോപണത്തിൽ പാർട്ടിയുടെ പേര് വലിച്ചിഴക്കപ്പെടുന്ന പശ്ചാത്തലത്തിൽ ധാർമ്മിക കാരണങ്ങളാലാണ് താൻ സ്ഥാനം രാജിവെക്കുന്നതെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നദ്ദക്ക് നൽകിയ രാജിക്കത്തിൽ രാജീവ് ബിൻഡാൽ പറഞ്ഞു.
അതേസമയം, ഓഡിയോയിലെ ഉള്ളടക്കം അന്വേഷണ സംഘം പരിശോധിച്ചതായി പൊലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി വ്യക്തമാക്കി. ഫെബ്രുവരി മുതൽ വിവിധ മെഡിക്കൽ സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിൽ അഴിമതി നടന്നതായാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം.
