കോര്‍പ്പറേറ്റുകളുടെ എഴുതിത്തള്ളിയ പണം തിരിച്ചു പിടിച്ച് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണം’

കോര്‍പ്പറേറ്റ് ക്രിമിനലുകളുടെ 68000 കോടി എഴുതിത്തള്ളിയത് തിരിച്ച് പിടിച്ച് കോവിഡ് പ്രതിരോധത്തിനും വരുമാന നഷ്ടം വന്ന ജനങ്ങള്‍ക്കും വേണ്ടി ചിലവഴിക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി.

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം വായ്പ വാങ്ങി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളായ മെഹുല്‍ ചോക്‌സി, വിജയ് മല്യ എന്നിവരുടേതും വിവിധ സാമ്പത്തിക തട്ടിപ്പു കേസുകള്‍ നിലവിലുള്ള ബാബ രാംദേവിന്റേതും അടക്കം 50 പേരുടെ 68,000 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയ മോദി സര്‍ക്കാര്‍ രാജ്യം മുടിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കോര്‍പ്പറേറ്റ് സാമ്പത്തിക തട്ടിപ്പ് മാഫിയകളെയാണ് ബാങ്കുകളും കേന്ദ്ര സര്‍ക്കാരും സഹായിക്കുന്നത്.

രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് എന്നു പറയുന്ന സര്‍ക്കാര്‍ തന്നെയാണ് കോടികള്‍ ബാങ്കുകളെഴുതി തള്ളിയത് അതീവ രഹസ്യമായി സൂക്ഷിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സക്കും അടക്കം പണമില്ലാതെ സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തത് ഇത്തരം സാമ്പത്തിക ക്രിമനലുകളും അവരുടെ ഏറാന്‍ മൂളിയായ കേന്ദ്ര സര്‍ക്കാറും ചേര്‍ന്നാണ്.

വന്‍ കിടക്കാരായ സാമ്പത്തിക കുറ്റവാളികള്‍ക്ക് പിറകിലെ ഭരണകൂടത്തിന്റെയും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെയും പങ്ക് അന്വേഷിക്കപ്പെടേണ്ടതുണ്ട്. അനായാസേന ആയിരക്കണക്കിന് കോടി രൂപ എഴുതി തള്ളിക്കാന്‍ സാധിക്കുന്നത് ഈ ചങ്ങാത്തത്തിലൂടെ ആണ് എന്നത് ഉറപ്പാണ്.

ചൈനയില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കോവിഡ് പരിശോധന കിറ്റുകള്‍ വിലയുടെ മൂന്നിരിട്ടി നല്‍കി വാങ്ങി കോവിഡ് കാലത്തും വന്‍ അഴിമതിയാണ് മോദിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. കോവിഡ് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് അത്യാവശ്യത്തിന് പോലും പണം നല്‍കാത്ത സര്‍ക്കാര്‍ കൊള്ളക്കാര്‍ക്കും മാഫിയകള്‍ക്കും കോര്‍പ്പറേറ്റ് ലോബികള്‍ക്കും പണം വാരിക്കോരി നല്‍കുകയാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലും പണം നീക്കിവെക്കാത്ത കേന്ദ്ര സര്‍ക്കാരിന് കോടികള്‍ എഴുതി തള്ളാന്‍ ഒരു മടിയുമില്ല. കോര്‍പ്പറേറ്റുകളുടെ വായ്പ എഴുതി തള്ളിയത് അടിയന്തിരമായി പിന്‍വലിക്കണം. ആ തുക ഈടാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്കും വരുമാന നഷ്ടം സംഭവിച്ച രാജ്യത്തെ സാധാരണക്കാര്‍ക്കും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Vinkmag ad

Read Previous

ലോക്ക്ഡൗൺ ഫലംകാണുന്നെന്ന് കേന്ദ്രം; രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

Read Next

പ്രവാസികളെ തിരികെ എത്തിക്കുന്നത് രണ്ട് ഘട്ടമായി; ആദ്യം എത്തുന്നത് താഴെപറയുന്ന രാജ്യങ്ങളിലുള്ളവർ

Leave a Reply

Most Popular