ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും ഭയാനകമാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും കരുതിയില്ല. അതി ഭീകര പതനമാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. മത്സരിച്ച 66 സീറ്റുകളില്‍ 63 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടപ്പെട്ടു. മൂന്ന് പേര്‍മാത്രമാണ് കോണ്‍ഗ്രസിന്റെ മാനം രക്ഷിച്ചത്. ബദ്ലിയില്‍ മത്സരിച്ച ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ മത്സരിച്ച അഭിഷേക് ദത്ത്, ഗാന്ധി നഗറില്‍ മത്സരിച്ച അര്‍വിന്ദര്‍ സിംഗ് ലവ്ലി എന്നിവരാണവര്‍.
ഷീല ദീക്ഷിതിന്റെ മന്ത്രിസഭകളില്‍ മൂന്ന് തവണ മന്ത്രിയായ എ.കെ വാലിയ അദ്ദേഹത്തിന്റെ മണ്ഡലമായ കൃഷ്ണ നഗറില്‍ 3.77% വോട്ടാണ്. ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര 5.42% വോട്ടാണ് നേടിയത്. മുതിര്‍ന്ന നേതാവ് കീര്‍ത്തി ആസാദിന്റെ ഭാര്യയായ പൂനം ആസാദിന് ബറേലിയില്‍ ലഭിച്ചത് 2% വോട്ടാണ്. ജംഗ്പുര മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വാക്ക് 3000 വോട്ട് മാത്രമാണ് ലഭിച്ചത്.
ആപില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ അല്‍ക്ക ലാംബക്ക് ചാന്ദ്നി ചൗക്കില്‍ 3.45% വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. മത്സരിച്ച എല്ലാ പ്രമുഖരുടേയും അവസ്ഥ ഇത് തന്നെയായിരുന്നു. ഒരിക്കലും നികത്താന്‍ കഴിയാത്ത ക്ഷീണമാണ് ഇന്ദ്രപ്രസ്ഥത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്. ആപ്പ് തരംഗത്തില്‍ കോണ്‍ഗ്രസ് പൊടിപോലുമില്ലാത്തവിധത്തില്‍ കുത്തിയൊലിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടകളില്‍ പോലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കോണ്‍ഗ്രസിന്റെ വോട്ടുകണക്കും പരിതാപകരമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് അനുസരിച്ച് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു കിട്ടിയത് 4.23% വോട്ട് മാത്രം. ഭരണത്തുടര്‍ച്ച ഉറപ്പാക്കിയ എഎപി 53.27% വോട്ടാണ് നേടിയിരിക്കുന്നത്.
2015 ലും കോണ്‍ഗ്രസിനു സീറ്റു നേടാനായില്ല. 2013 ല്‍ ഉണ്ടായിരുന്നത് എട്ടു സീറ്റുകള്‍. ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസിന് ഇക്കുറി വിമത സ്ഥാനാര്‍ഥികളില്ലായിരുന്നു. 15 സീറ്റുകളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട് എന്നായിരുന്നു കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെ വിവിധ സംസ്ഥാന നേതാക്കളും പ്രചാരണത്തിനിറങ്ങി. ലോക്‌സഭാ സമ്മേളനം നടക്കുന്നതിനാല്‍ കേരള എംപിമാരും പ്രചാരണത്തില്‍ സജീവമായിരുന്നു.
ഇന്ത്യയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 1951ലായിരുന്നു ഡല്‍ഹി നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പും. 36 ഏകാംഗ മണ്ഡലങ്ങളും 6 ദ്വയാംഗ മണ്ഡലങ്ങളും. ദ്വയാംഗ മണ്ഡലത്തില്‍ മത്സരിക്കാന്‍ രണ്ടു സ്ഥാനാര്‍ഥികളുണ്ടാകും; ഒരു പൊതുസ്ഥാനാര്‍ഥിയും ഒരു സംവരണ വിഭാഗം സ്ഥാനാര്‍ഥിയും. അങ്ങനെ ആദ്യ നിയമസഭയില്‍ എത്തിയത് 48 പേര്‍. വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ െൈകവെളളയിലിരുന്ന ഡല്‍ഹി ആം ആദ്മിയുടെ ചൂലില്‍ തുമ്പില്‍ വെറും ബിഗ് സീറോയായി മാറി എന്നതാണ് ഇനിയുള്ള ചരിത്രം
