കോടതിയലക്ഷ്യ കേസിൽ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയേയും ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയേയും വിമര്‍ശിച്ച് പോസ്റ്റു ചെയ്ത ട്വീറ്റുകളാണ് കേസിനാധാരം. ശിക്ഷാവിധിയിലുള്ള വാദം ഈ മാസം 20ന് നടക്കും.
ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ആറു മാസം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. എന്നാല്‍ അഭിപ്രായം സ്വാതന്ത്ര്യം മാത്രമാണ് താന്‍ പ്രകടിപ്പിച്ചതെന്നും കോടതിയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അഭിപ്രായ പ്രകടനം മാത്രമാണെന്നും ‘നീതി നിര്‍വഹണത്തില്‍ വിഘ്‌നം’ സൃഷ്ടിക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്നും പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു.
ഭൂഷന്റെ ട്വീറ്റുകള്‍ കോടതിക്ക് എതിരെയല്ല. അത് ജഡ്ജിമാരുടെ പെരുമാറ്റത്തിലെ വ്യക്തിപരമായ കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. അത് വിദ്വേഷപരമല്ല. കോടതിയുടെ ഭരണനിര്‍വഹണത്തില്‍ ഒരു തടസ്സവും സൃഷ്ടിച്ചിട്ടില്ലെന്നും ദുഷ്യന്ത് ദവെ വ്യക്തമാക്കി.
അതേസമയം, ചീഫ് ജസ്റ്റീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള തന്റെ് ട്വീറ്റിലെ ഒരു ഭാഗത്തുവന്ന പിശകില്‍ ഓഗസ്റ്റ് മൂന്നിന് നല്‍കിയ അത്യവാങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ താഴ്ത്തിക്കെട്ടുന്നതോ അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
