ഡൽഹി കലാപത്തിന് തിരികൊളുത്തിയ വിദ്വേഷ കൊലവിളി മുദ്രാവാക്യം കൊൽക്കത്തയിലും മുഴക്കുകയാണ് ബിജെപി പ്രവർത്തകർ. കൊൽക്കത്തയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നട്തതിയ റാലിയിലാണ് വിദ്വേഷ മുദ്രാവാക്യമായ ‘ദേശ് കെ ഗദ്ദാരോം കോ, ഗോലി മാരോ …ലോം കോ’ ഉയർന്നത്.
ദേശദ്രോഹികളെ വെടിവച്ച് കൊല്ലൂ എന്ന് ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ട് വിളിച്ച് തുടങ്ങിയത് പൗരത്വ നിയമത്തിനെതിരായ സമരം രാജ്യത്ത് കൊടുമ്പിരികൊണ്ടപ്പോഴാണ്. സർക്കാരിനെതിരെ സമരം ചെയ്യുന്നവരെല്ലാം ദേശദ്രോഹികളാണെന്ന് പ്രചരിപ്പിച്ചാണ് ഇത്തരം മുദ്രാവാക്യങ്ങൾ സംഘപരിവാർ സൃഷ്ടിച്ചത്.
കൊൽക്കത്തയിൽ നടന്ന സമ്മേളനത്തിൽ ഡൽഹി കലാപത്തെക്കുറിച്ച് സംസാരിക്കാൻ അമിത് ഷാ തയ്യാറായില്ല. ഭുവനേശ്വറിൽ നടന്ന സമ്മേളത്തിനും അദ്ദേഹം ഡൽഹിയെക്കുറിച്ച് മൗനം പാലിച്ചു. ഡൽഹി നരഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ കൊലവിളി മുദ്രാവാക്യം വിളിക്കുന്നത് സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്നും അതുവഴി വോട്ട് കേന്ദ്രീകരണം നടത്തി കൂടുതൽ സീറ്റുകൾ നേടുകയാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നതെന്നും വിമർശകർ നിരീക്ഷിക്കുന്നു.
