കൊവിഡ് 19: രാജ്യത്ത് പതിനെട്ട് സംസ്ഥാനങ്ങളിലെ വ്യാപന തോത് കുറഞ്ഞു; രോഗം ബാധിച്ചവരുടെ എണ്ണം 18,000 കടന്നു

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 18,000 കടന്നു. ഇതുവരെ 18601 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 15349 രോഗികളാണ് ചികിത്സയിലുള്ളത്. 3252 പേർക്ക് രോഗം ഭേദമായി.  590 പേർ മരിച്ചു. ഡൽഹിയിൽ അഞ്ച് മേഖലകൾ കൂടി തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ഹോട്സ്പോട്ടുകളുടെ എണ്ണം 84 ആയി.

പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത് കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് കേസുകളിൽ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നുവെന്നും മന്ത്രാലയം പറയുന്നു.

ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു.മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി.കൊവിഡിന് ലഭ്യമായ ഏക മരുന്ന് സാമൂഹിക അകലം പാലിക്കല്‍ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 4666 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 2081 പേർക്കും, ഗുജറാത്തിൽ 1851 പേർക്കും, മധ്യപ്രദേശിൽ 1485 പേർക്കും, രാജസ്ഥാനിൽ 1576 പേർക്കും തമിഴ്നാട്ടിൽ 1477 പേർക്കും ഉത്തർ പ്രദേശിൽ 1184 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 552 പേർക്കും ഗുജറാത്തിൽ 247 പേർക്കുമാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാവുന്ന അവസ്ഥയാണ് ഗുജറാത്തിലുള്ളത്.

Vinkmag ad

Read Previous

ബ്രസീൽ പൊട്ടിത്തെറിയുടെ വക്കിൽ; ലോക്ക്ഡൗണിനെതിരെ സമരം ചെയ്ത് പ്രസിഡൻ്റ് ബൊൽസൊനാരോ

Read Next

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം പരിധിവിട്ടു; രാജ്യത്തെ ആശങ്കയിലാഴ്ത്തി മുംബൈ

Leave a Reply

Most Popular