കൊവിഡ് 19 ബാധിച്ച അവസരത്തിൽ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അർജൻ്റിനയുടെ പ്രമുഖ ഫുട്ബോൾ താരം പൗലോ ഡിബാല. ‘അഞ്ചു മിനിറ്റ് നടന്നാൽ പോലും ശ്വാസം കിട്ടാത്തഅവസ്ഥയായിരുന്നെന്ന് ഡിബാല പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച സമയത്ത് അനങ്ങിയാൽ പോലും ശ്വാസം കിട്ടിയിരുന്നില്ലെന്ന് ഡിബാല. ശ്വാസമെടുക്കാൻ കഠിനമായ ബുദ്ധിമുട്ടാണ് നേരിട്ടതെന്ന് രോഗാവസ്ഥയിലെ വിഷമതകളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി.
ഇപ്പോൾ അതെല്ലാം മാറി വളരെയധികം ഭേദപ്പെട്ടു. തനിക്കൊപ്പം വൈറസ് ബാധ സ്ഥിരീകരിച്ച കാമുകി ഒറിയാന സബാട്ടിനിക്കും രോഗം ഭേദമായി വരുന്നതായി ഡിബാല അറിയിച്ചു.
‘ഏതാനും ദിവസം മുൻപ് വളരെ പരിതാപകരമായിരുന്നു അവസ്ഥ. താങ്ങാൻ കഴിയാത്ത പീഡകളായിരുന്നു. അഞ്ചു മിനിട്ട് അനങ്ങിയാൽപ്പോലും ശ്വാസം കിട്ടാതെ വലഞ്ഞുപോകും. ഇപ്പോൾ ആ അവസ്ഥയൊക്കെ മാറി. നടക്കാനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. ചെറിയ തോതിൽ പരിശീലനവും പുനഃരാരംഭിച്ചു. മുമ്പ് ഇതൊന്നും ആലോചിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. കുറച്ചു നടന്നാൽപ്പോലും പിന്നെ ശ്വാസം കിട്ടാൻ വല്ലാതെ വിഷമിച്ചു. ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതി. ശരീരത്തിനു വളരെയധികം ഭാരം തോന്നും. മസിലുകൾക്കും താങ്ങാനാകാത്ത വേദന’ ഡിബാല വിഷമങ്ങൾ വിവരിച്ചു.
യുവെന്റസിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ താരമാണ് ഡിബാല. ഇദ്ദേഹത്തിനു പുറമെ ഇറ്റാലിയൻ താരം ഡാനിയേൽ റുഗാനി, ഫ്രഞ്ച് താരം ബ്ലെയ്സ് മറ്റിയുഡി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച യുവ താരങ്ങൾ. ഇവരുമായി സമ്പർക്കത്തിൽ വന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സഹതാരങ്ങളെല്ലാം വിവിധയിടങ്ങളിലായി ക്വാറന്റൈനിലാണ്.
