രാജ്യം കൊവിഡ് 19 വൈറസിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമ്പോൾ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ. പ്രതിരോധത്തിനായി വിവാഹം അടക്കമുള്ള ചടങ്ങുകളിൽ 100 താഴെ ആളുകൾ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി ആർഭാട വിവാഹത്തിൽ പങ്കെടുത്തു.
വൈറസിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദ്ദേശത്തെ അദ്ദേഹം തന്നെ ലംഘിക്കുന്ന കാഴ്ചയാണ് കർണാടകയിൽ കഴിഞ്ഞ ദിവസം കണ്ടത്. വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ തൊട്ടടുത്ത ദിവസം രണ്ടായിരം പേർ വന്നുചേർന്ന ആർഭാട വിവാഹത്തിൽ പങ്കെടുത്തു.
ബെളഗാവിയിൽനിന്നുള്ള ബി.ജെ.പി നേതാവും നിയമനിർമാണ കൗൺസിൽ അംഗവുമായ മഹാൻതേഷിൻ്റെ മകളുടെ വിവാഹത്തിനാണ് യെദിയൂരപ്പയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയ മന്ത്രിമാരും ബി.ജെ.പി നേതാക്കളും പങ്കെടുത്തത്.
കൊവിഡ് ബാധിച്ച് മരണപ്പെട്ട ആൾ ഉൾപ്പെടെ ഏഴുപേർക്കാണ് കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ്-19ൻ്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നടത്താനിരുന്ന ആർ.എസ്.എസിൻ്റെ ദേശീയ സമ്മേളനം ഉൾപ്പെടെ മാറ്റിവെച്ചിരുന്നു.
