കൊവിഡ് 19 ബാധിച്ച് മെഡിക്കൽ കോളജിൽ ഐസലഷൻ വാർഡിൽ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയൽക്കാരൻ മരിച്ചു. ചെങ്ങളത്ത് കനത്ത ജാഗ്രത. കോവിഡ്–19 ബാധിച്ച ഇറ്റലിക്കാരന്റെ മരുമകനായ ചെങ്ങളം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പ്രൈമറി കോൺടാക്ടായ യുവാവിന്റെ പിതാവാണു മരിച്ചത്.
ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ആരോഗ്യ വകുപ്പ് പരേതനെ സെക്കൻഡറി കോൺടാക്ടായി ലിസ്റ്റ് ചെയ്തു. പ്രത്യേകിച്ച് അസുഖം ഇല്ലാതിരുന്ന ഇയാൾ ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. കോവിഡ്-19 വൈറസ് ബാധകാരണമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്‍റെ സാമ്പിളുകളുടെ പരിശോധന ഫലം വന്നാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചെങ്ങളം സ്വദേശികളായ രണ്ടുപേർ കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇറ്റിലിയിൽനിന്നെത്തിയവരിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധയേറ്റത്.
