ഡൽഹി കാൻസർ ആശുപത്രി കൊവിഡ് ഹോട്ട് സ്പോട്ടായി മാറി. രോഗികൾക്കടക്കം വൈറസ് ബാധയേറ്റ ആസുപത്രിയിൽ പുതുതായി മൂന്ന് പേർക്ക് കൂടി തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒരു കാൻസർ രോഗിക്കും അറ്റന്‍ഡര്‍ക്കും സെക്യൂരിറ്റിക്കുമാണ് പുതുതായി വൈറസ് പിടിപെട്ടത്.
ഇതോടെ ആശുപത്രിയിൽ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. ആശുപത്രിയിലെ ഒരു ഡോക്ടർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ബ്രിട്ടണിൽനിന്ന് മടങ്ങിയെത്തിയ സഹോദരനില്‍ നിന്നാണ് ഡോക്ടർക്ക് വൈറസ് ബാധയേറ്റത്. ഇതിന് പിന്നാലെ ആശുപത്രിയിൽ ഡോക്ടറുമായി ഇടപഴകിയ മറ്റ് മൂന്ന് ഡോക്ടർമാർക്കും വൈറസ് സ്ഥിരീകരിച്ചു.
ചികിത്സയിലുള്ള നാല് കാൻസർ രോഗികൾക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്നിന് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിയിരുന്നു. കൊവിഡ് പരിശോധനയ്‍ക്ക് ശേഷം ആശുപത്രിയിലെ നിരവധി കാൻസർ രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. നിലവിൽ 1154 പേർക്കാണ് ഡൽഹിയിൽ വൈറസ് സ്ഥിരീകരിച്ചത്. 24 പേർ മരണപ്പെട്ടു.
