കോവിഡ് 19 വ്യാപനം തടയുന്നതിനായി പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം നടക്കുന്ന ശാഹീന്‍ബാഗിലെ സമരപന്തലുകൾ പൊലീസ് പൊളിച്ച് നീക്കി. ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി. സമരപന്തലിൽ നിന്നും മാറാൻ വിസമ്മതിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി 101 ദിവസമായി സമരം ചെയ്യുന്നവരെയാണ് ഒഴിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച കുറച്ചുപേർ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. കൊറോണ വെെറസ് വ്യാപനത്തെ തുടർന്ന് പോരാട്ടത്തിന് ഐക്യദാർഢ്യം നൽകുന്നതിന് അവരുടെ പ്രക്ഷോഭത്തിന്റെ പ്രതീകാത്മക ചിഹ്നമായി അവരുടെ ചെരിപ്പുകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചതിനാലാണ് സമരപ്പന്തൽ ഒഴിപ്പിച്ചത്. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനെ തുടർന്ന് സമരപ്പന്തൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഡൽഹി സൗത്ത് ഡി.സി.പി പറഞ്ഞു. ഇക്കാര്യം സമരക്കാർ വിസമ്മതിച്ചിരുന്നു. തുടർന്നാണ് ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.
രാജ്യത്ത് 15 സംസ്ഥാനങ്ങളിൽ അടച്ചു പൂട്ടൽ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 31 വരെ അടച്ചുപൂട്ടലിനാണു നിര്‍ദേശമെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തി ഏപ്രില്‍ പകുതിവരെ നീട്ടുന്നകാര്യം പിന്നീട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. കേരളവും തെലങ്കാനയും ആന്ധ്രയും അതിര്‍ത്തികള്‍ അടച്ചു.
