ലോകത്താകമാനമുള്ള ശാസ്ത്രജ്ഞര്‍ക്ക് പിടികൊടുക്കാതെ വഴുതിമാറുകയാണ് അക്ഷരാര്‍ത്ഥത്തില്‍ കൊറോണ വൈറസ്. ഫലപ്രദമായൊരു മരുന്ന് കൊറോണയ്ക്കെതിരേ കണ്ടെത്താനാകാത്തത് വൈറസിന്റെ ഈ വഴുതി മാറല്‍ കൊണ്ടുതന്നെയാണ്. പല സമയത്തും പല തരത്തിലുള്ള ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന വൈറസിന്റെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്താന്‍ ലോകത്താകമാനമുള്ള ശാസ്ത്രജ്ഞര്‍ കിണഞ്ഞുപരിശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ഇപ്പോഴിതാ ശാസ്ത്രലോകത്തെയൊന്നാകെ അമ്പരപ്പിക്കുന്ന പുതിയ വാര്‍ത്തയുമെത്തിയിരിക്കുകയാണ്.
വൈറസിന്റെ ജനിതക സ്വഭാവം 30 തരമായെങ്കിലും പരിവര്‍ത്തനം ചെയ്തിട്ടുണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. അതായത് വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ടെന്ന് സാരം. അതുകൊണ്ടുതന്നെ ഇവയ്ക്ക ഒരു പൊതുസ്വഭാവം കണ്ടെത്താനോ അത് നിര്‍ണ്ണയിക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ ഒരു ഒറ്റമൂലിയെന്നത് പെട്ടെന്ന് കണ്ടെത്തുക സാധ്യമല്ലെന്ന് ചുരുക്കം.
ചൈനയിലെ ഹാങ്ഴോവിലെ ഴെജിയാങ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച 30 തരം വൈറസുകളില്‍ 19 എണ്ണം നേരത്തെ തിരിച്ചറിയപ്പെടാതിരുന്നതോ പുതിയതായി വന്നതോ ആണെന്നും ഗവേഷകര്‍ പറയുന്നു.
വൈറസിന് ഇത്രയും ജനിതക വ്യതിയാനം സംഭവിക്കുമെന്ന് ആരും ഇതുവരെ കരുതിയിരുന്നില്ല. അതേസമയം വൈറ്റ് ഹൗസ് കൊറോണ ടാസ്‌ക് ഫോഴ്സ് അംഗവും പ്രമുഖ സാംക്രമിക രോഗ വിദഗ്ധനുമായ ഡോ. ആന്റണി ഫൗസി നേരത്തെ ഇത്തരത്തിലൊരു പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈറസിന്റെ ഈ സ്വഭാവമാണ് ശാസ്ത്രലോകത്തിന് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. ഒരു തരത്തില്‍പ്പെട്ട വൈറസിന് മരുന്ന് കണ്ടുപിടിക്കുമ്പോഴേക്കും അതില്‍ ജനിതക വ്യതിയാനം സംഭവിച്ച് പുതിയ വൈറസ് രൂപപ്പെട്ടിട്ടുണ്ടാകും.
ഇതോടെ ഉണ്ടാക്കിയ മരുന്ന് ഫലമില്ലാത്തതായിപ്പോകും. അതായത് നിലവില്‍ കണ്ടെത്തിയ 30 തരം വൈറസുകളെ നേരിടാന്‍ 30 തരം മരുന്നുകള്‍ ഉണ്ടാക്കേണ്ടിവരുമെന്ന് സാരം. അത് നിര്‍മ്മിച്ചാല്‍പ്പോലും വീണ്ടും ജനിതക വ്യതിയാനം അതിനു പറ്റിയ മരുന്ന് വീണ്ടും ഉണ്ടാക്കേണ്ടിവരും. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ജനിതക വ്യതിയാനം സംഭവിച്ച രൂപത്തില്‍ പലയിനം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൊറോണ വൈറസിന് ഫലപ്രദമായ ഒരു ഒറ്റമൂലിയെന്ന സങ്കല്‍പ്പം ഒരിക്കലും പ്രാവര്‍ത്തികമാകില്ലെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്.
