രാജ്യത്ത് കൊവിഡ് 19 (കൊറോണ) വൈറസ് ബാധിച്ച് ആദ്യ മരണം. കര്‍ണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (76) മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിന്നും ഹൈദരാബാദ് വഴിയാണ് മുഹമ്മദ് എത്തിയത്.
സൗദിയിലെ ഉംറയിൽ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് ഇയാൾ രാജ്യത്തേക്ക് മടങ്ങിയത്തിയത്. സൗദിയിൽ നിന്നും നേരെ ഹൈദരാബാദിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. ശേഷം കൽബുർഗിയിലെ വീട്ടിലേക്കും വന്നു.
തുടർന്ന് രോഗലക്ഷണങ്ങളായ ചുമയും മറ്റും ആരംഭിച്ച ശേഷം മാർച്ച് അഞ്ചിന് മുഹമ്മദ് ഇവിടുത്തെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. മുഹമ്മദിന് ന്യുമോണിയയും അതോടൊപ്പം കൊറോണ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
പിന്നീട് ഇവിടുത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ ചികിത്സ തേടി. മാർച്ച് ഒൻപത് വരെ ഈ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നുമാണ് മുഹമ്മദിന് കൊറോണ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഇയാളുടെ ശരീര സാംപിളുകൾ ബെംഗളുരുവിലേക്ക് അയച്ചത്.
എന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ മറികടന്നുകൊണ്ട് മുഹമ്മദിനെ അയാളുടെ ബന്ധുക്കൾ 300 കിലോമീറ്റർ അകലെയുള്ള ഹൈദരാബാദിലെ ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോയി.
മുഹമ്മദിന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് അവിടെയുള്ള ഡോക്ടർമാർ പറഞ്ഞതോടെ ഇയാളെ തിരികെ വീണ്ടും കൽബുർഗിയിലേക്ക് കൊണ്ടുവന്നു. ആശുപത്രി വിട്ടശേഷമാണ് അദ്ദേഹം മരണപ്പെട്ടത്.
എന്നാൽ ഇദ്ദേഹവുമായി പ്രാഥമിക ബന്ധമുള്ളവരെപ്പോലും കണ്ടത്തിയിട്ടില്ല. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിദ്ദിഖിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അദ്ദേഹം തെലങ്കാനയിലും ചികിത്സ തേടിയിരുന്നു.
