കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പുകഴ്ത്തി പ്രസിദ്ധ ചരിത്രകാരന്‍ രാമചന്ദ്രഗുഹ. ദേശീയ മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തെ മാതൃകയാക്കെണമെന്ന് രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടത്.
ശാസ്ത്രബോധത്തിന്റെ കേരള മാതൃകയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും വിശദീകരിക്കാന്‍ കഴിയാത്ത ഗുജറാത്ത് മോഡലല്ലെന്നുമാണ് ഗുഹ ലേഖനത്തില്‍ പറയുന്നത്. കേരള മോഡല്‍, ഗുജറാത്ത് മോഡല്‍ എന്നീ പ്രയോഗങ്ങള്‍ എങ്ങനെയാണ് ആരംഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഗുഹ ലേഖനം ആരംഭിക്കുന്നത്.
സാമ്പത്തിക വിദഗ്ദരാണ് കേരള മാതൃക എന്നതിനെക്കുറിച്ച് വിശദീകരണങ്ങള്‍ നടത്തിയതെന്നും എന്നാല്‍ കഴിഞ്ഞ ദശ്ബാദത്തിന്റെ ഒടുവില്‍ നരേന്ദ്രമോദി മാത്രമാണ് ഗുജറാത്ത് മോഡൽ എന്നതിനെക്കുറിച്ച് പറഞ്ഞിരുന്നതെന്നും രാമചന്ദ്രഗുഹ സൂചിപ്പിക്കുന്നു.
വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും അധികാര കേന്ദ്രീകരണത്തിലുമാണ് ഗുജറാത്ത് മാതൃക നിലനില്‍ക്കുന്നതെന്നും കേരള മാതൃക ശാസ്ത്രീയ ബോധത്തിലും സുതാര്യതയിലും സാമൂഹ്യ സമത്വത്തിലും, വികേന്ദ്രീകരണത്തിലുമാണെന്നും അദ്ദേഹം പറയുന്നു.
ജനസംഖ്യാ സൂചികകളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ വിദ്യാഭ്യാസ രംഗത്തും ഉണ്ടാക്കിയ നേട്ടമാണ് കേരള മോഡലിന്റെ സവിശേഷത. സ്വകാര്യ മൂലധനത്തിന് കിട്ടിയ പ്രാമുഖ്യമാണ് ഗുജറാത്ത് മോഡലിന്റെ പ്രത്യേകതയായി പറയുന്നത്. ഇതുവഴിയാണ് വന്‍കിട വ്യവസായികളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു.
പല പരിമിതികളുമുണ്ടെങ്കിലും കേരളത്തിന് നിരവധി കാര്യങ്ങളില്‍ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ട്. അവരുടെ നേട്ടങ്ങളെക്കുറിച്ച് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചര്‍ച്ച ഉണ്ടായില്ല. ഇപ്പോള്‍ അത് രാജ്യത്തെ ആവേശം കൊള്ളിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
‘ഗുജറാത്ത് മാതൃകയെ താങ്ങിനിര്‍ത്തുന്ന നാല് തൂണുകള്‍ അന്ധവിശ്വാസം, രഹസ്യം, കേന്ദ്രീകരണം, വര്‍ഗീയത എന്നിവയാണ്’ ഗുഹ പറയന്നു. ഞങ്ങള്‍ക്ക് വേണ്ടത് ഗുജറാത്ത് മാതൃകയല്ല, കേരള മാതൃകയാണ് അത് തരൂ എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
