സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ എസ് പിമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾക്കായി കൊവിഡിനെ പകർച്ചവ്യാധി പട്ടികയിൽപ്പെടുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കി.
അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവർക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 പോയിന്‍റുകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുഴുവൻ വാഹനങ്ങളും പരിശോധിക്കും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളിൽ ഓരോ കോച്ചിലും പ്രത്യേക സംഘം കർശന പരിശോധന നടത്തും.
അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകളും വാഹനങ്ങളും പരിശോധിക്കും. ട്രെയിന്‍ സംസ്ഥാനത്ത് ആദ്യമെത്തുന്ന സ്റ്റേഷനിലാകും പരിശോധന. അതത് പ്രദേശത്തെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാകം പരിശോധന. ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍, ഒരു ഹെല്‍ത്ത് വോളന്‍റിയര്‍ എന്നിവരടങ്ങുന്ന ടീം ഒരു ട്രെയിനിലെ രണ്ടു ബോഗികള്‍ വീതം പരിശോധിക്കും.
വിമാനത്താവളത്തിനടുത്ത് കൊറോണ കെയര്‍ സെന്‍റര്‍ സ്ഥാപിക്കും. നിലവില്‍ 7677 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 7375 പേര് വീടുകളിലും 302 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം 106 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1897 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 1345 പേരുടേത് നെഗറ്റീവാണ്.
