കലാപത്തിൻ്റെ മുറിവുകൾ പൂർണ്ണമായും ഉണങ്ങാത്ത ഡൽഹിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി വീണ്ടും ബിജെപി നേതാവ് കപിൽ മിശ്രയുടെ മാർച്ച്. ഡൽഹി വിഐപി മേഖലയ്ക്ക് അടുത്തുകൂടിയാണ് നൂറുകണക്കിന് ആൾക്കാരുമായി മിശ്ര വീണ്ടും മാർച്ചി നടത്തിയത്.
സമാധാന മാർച്ച് എന്നായിരുന്നു പേരെങ്കിലും ആർത്തുവിളിച്ച മുദ്രാവാക്യങ്ങളെല്ലാം വിദ്വേഷത്തിൻ്റെതായിരുന്നു. കപിൽ മിശ്രയും, ഡൽഹി പീസ് ഫോറം എന്ന സംഘടനയും സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്.
‘ജിഹാദി തീവ്രവാദത്തിനെതിരായ മാർച്ച്’ എന്ന മറ്റൊരു പേരുകൂടി മാർച്ചിന് നൽകിയിരുന്നു. പൗരത്വ നിയമത്തിന് അനുകൂല നിലപാടുള്ളവരുടെ മുദ്രാവാക്യമായ ‘ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ’ എന്ന അക്രമത്തിന് പ്രേരണ നൽകുന്ന മുദ്രാവാക്യമാണ് ഇത്തവണയും പ്രധാനമായും വിളിച്ചത്.
ഡൽഹി കലാപത്തിൻ്റെ ഇരകളെന്ന നിലയ്ക്ക് കലാപത്തിൽ വീട് നഷ്ടപ്പെട്ട, ഉറ്റവരെ നഷ്ടപ്പെട്ട ഒരു സംഘം ആളുകളെ അണിനിരത്തിയാണ് മാർച്ച് നടത്തിയത്. ‘ആർക്കും മാപ്പ് നൽകരുത്, ജിഹാദികളെ തുടച്ചു നീക്കൂ’ തുടങ്ങിയ വിദ്വേഷ മുദ്രാവാക്യങ്ങളും വിളിച്ചാണ് റാലി കടന്നുപോയത്. ജയ് ശ്രീറാം വിളിക്കുന്നവരും ഉണ്ടായിരുന്നു.
ഡൽഹി കലാപത്തിന് കാരണമായ വിവാദം പ്രസംഗം നടത്തിയ വ്യക്തിയാണ് കപിൽ മിശ്ര. പൗരത്വ നിയമത്തിന് എതിരെ ഉയർന്ന ഷഹാൻബാഗ് മോഡൽ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് മിശ്ര അന്ത്യശാസനം നൽകിയതിനെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
