കേരളത്തില്‍ നിന്നുള്ള 17 മലയാളികളടക്കം 23 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു. ഇറാനിലെ തീരനഗരമായ അസല്‍യൂവിലാണ് 23 പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെല്ലാം ഒരു മുറിയിലാണ് കഴിയുന്നതെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കോവിഡ്-19 (കൊറോണ) ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്.
മത്സ്യബന്ധന വിസയില്‍ നാലു മാസം മുന്‍പാണ് മലയാളി മത്സ്യത്തൊഴിലാളികള്‍ ഇറാനിലേക്ക് പോയത്. എന്നാല്‍ കൊറോണഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് മുറിയില്‍നിന്നുപോലും പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഇവര്‍ കുടുങ്ങിയത്.
അതേസമയം, തൊഴിലാളികളെ മോചിപ്പിക്കാനായി അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്നും നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
