കൊറോണ വൈറസ് പടരുന്നു പ്രവാസി മലയാളികള്‍ ആശങ്കയില്‍; ഗള്‍ഫില്‍ കോവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍

ഗള്‍ഫില്‍ ആശങ്ക സൃഷ്ടിച്ചുകൊണ്ട് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. മലയാളികളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് രോഗം പടര്‍ന്നതോടെ പ്രവാസി മലയാളികളും ഭീതിയിലാണ്. നിരവധി മലയാളികള്‍ നാട്ടിലേക്ക് തിരിക്കണമെന്ന ആഗ്രഹത്തിലാണെങ്കിലും വിമാന താവളങ്ങള്‍ അടച്ചതോടെ അതും പ്രതിസന്ധിയിലാണ്.

ഖത്തറില്‍ 153 ഉം കുവൈത്തില്‍ 112 ഉം ഒമാനില്‍ 48 പേരും ഉള്‍പ്പെടെ 313 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കൂടിയതോടെ ഗള്‍ഫ് രാജ്യങ്ങളും കടുത്ത നിയന്ത്രണത്തിലേയ്ക്ക് നീങ്ങുകയാണ്. ഇതോടെ സ്വകാര്യമേഖലയിലെ ലക്ഷകണക്കിന് പ്രവാസികള്‍ക്ക് പൂര്‍ണ്ണമായും തൊഴില്‍ രഹിതരാകും.

ഗള്‍ഫില്‍ കോവിഡ് മരണം 67 ല്‍ എത്തി. സൗദിയിലാണ് ഏറ്റവും കൂടുതല്‍ മരണം. 41. വിവിധ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. മൂവായിരത്തോളം കോവിഡ് ബാധിതരുള്ള സൗദി തന്നെയാണ് രോഗികളുടെ എണ്ണത്തിലും മുന്നില്‍. വരും ദിവസങ്ങളില്‍ രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടു ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന സൗദി ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ് കൂടുതല്‍ കടുത്ത നടപടികള്‍ക്കാണ് ഗള്‍ഫ് രാജ്യങ്ങളെ ഒന്നാകെ പ്രേരിപ്പിക്കുന്നത്. അടുത്ത രണ്ടാഴ്ചകളില്‍ രോഗവ്യാപനം മുന്‍നിര്‍ത്തി കൂടുതല്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത്.

കോവിഡിന്റെ സാമൂഹിക വ്യാപനം പക്ഷെ, ഗള്‍ഫില്‍ എവിടെയും ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം, പ്രവാസികള്‍ തിങ്ങി താമസിക്കുന്ന കുവൈത്തിലെ ജലീബ്, ദുബൈയിലെ ദേര, ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒമാനിലെ മത്ര, സൗദിയില്‍ റിയാദ് എന്നിവിടങ്ങളില്‍ രോഗവ്യാപന തോത് കൂടുതലാണ്. മലയാളികള്‍ കൂടുതലായി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ അടിയന്തര ഇടപെടല്‍ തേടി കഴിഞ്ഞ ദിവസം നോര്‍ക്ക ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്ത് നല്‍കിയിരുന്നു. സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മോചനവും നല്‍കും. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 599 പേരെ മോചിപ്പിക്കാന്‍ ഒമാന്‍ ഉത്തരവിട്ടു.

സൗദിയിലും കുവൈത്തിലും ദീര്‍ഘിപ്പിച്ച കര്‍ഫ്യു മാറ്റമില്ലാതെ തുകരുകയാണ്. ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. ദുബൈയിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.

Vinkmag ad

Read Previous

കേരളത്തിന് കൈത്താങ്ങായി അല്ലുഅര്‍ജുന്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

Read Next

ഇന്ത്യയിലും ആശങ്ക വര്‍ധിക്കുന്നു; ലോക്ക് ഡൗണിലും മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിയാതെ രാജ്യം; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കുതിക്കുന്നു

Leave a Reply

Most Popular