പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില ഉയർന്നിരിക്കുകയാണ്. മാത്രവുമല്ല ഡീസൽ വില ആദ്യമായി പെട്രോൾ വിലക്കും മുകളിലായി. കഴിഞ്ഞ 18 ദിവസം കൊണ്ട് 10.49 രൂപയാണ് വർദ്ധിച്ചത്.
ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാർ കൊറോണ വൈറസും പെട്രോൾ- ഡീസൽ വിലയും തുറന്നുവിടുകയാണ് ചെയ്തിരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
ബുധനാഴ്ച രാവിലെയോടെ 4.56 ലക്ഷം കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തുടർച്ചയായി ദിവസേന ഇന്ധനവിലയിലും വർധനവാണ് പ്രകടമാകുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ രാഹുൽ രംഗത്തെത്തുന്നത്.
ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 79.76 രൂപയിൽ എത്തി നിൽക്കുകയാണ്. ലിറ്ററിന് 0.48 രുപയാണ് ഏറ്റവും ഒടുവിൽ വർധിച്ചത്. ഏറ്റവും ഒടുവിൽ വില വർധിച്ചതോടെ പെട്രോൾ വിലയെയും മറികടന്നാണ് ഡീസൽ വില വർധനവ്.
ഇന്ത്യയിൽ കൊറോണ വൈറസ് ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളിലും കുത്തനെയുള്ള വർദ്ധനവ് പ്രകടമായിരുന്നു. ബുധനാഴ്ച 16000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
