കൊറോണയെ ചുറ്റിപ്പറ്റിയുള്ള വ്യാജ വാര്‍ത്തകളും തെറ്റിദ്ധാരണകളും വ്യാപകമായി പടര്‍ന്നു പിടിച്ചിരിക്കുന്ന ഘട്ടത്തില്‍ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച ബോധവത്കരണത്തിനായി മുന്നോട്ട് വന്നിരിക്കുകയാണ് താരാ ജെയിന്‍ ലാങ്സ്റ്റണ്‍ എന്ന 39 വയസ്സുകാരിയായ യുവതി. കൊറോണപ്പറ്റി കുറെ കള്ളത്തരങ്ങള്‍ പടച്ചു വിടുന്നവര്‍ ഈ യുവതിയുടെ ലൈവ് വീഡിയോ കാണാതെ പോകരുത്. വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ടവര്‍ യാഥാര്‍ഥ്യമെന്താണെന്ന് തിരിച്ചറിയണം. ഒപ്പം കൊറോണയെ കുറിച്ച് തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നവരും.
‘ശ്വാസകോശത്തില്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞ പ്രതീതിയാണ്. ഓരോ ശ്വാസോച്ഛാസവും എനിക്കിന്ന് ഒരു യുദ്ധമാണ്. അത്രയധികം വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്. ദിവസം എട്ട് ഐബുപ്രൂഫിന്‍ വരെ കഴിക്കുമായിരുന്നു. അതായിരിക്കും സംഗതി ഇത്ര വഷളാക്കിയത് എന്ന് ഞാന്‍ കരുതുന്നു. ഇവിടെ എത്തിയപ്പോള്‍ എനിക്ക് കൃത്രിമ ശ്വാസം നല്‍കേണ്ടിവന്നു.
ആദ്യമാദ്യം ആറു ലിറ്റര്‍ ഓക്‌സിജന്‍ വരെ എനിക്ക് തന്നിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതി വളരെ മെച്ചപ്പെട്ടു. ദിവസം ഒരു ലിറ്റര്‍ ഓക്‌സിജന്‍ മാത്രമെ കൃത്രിമമായി നല്‍കുന്നുള്ളു. ഇവിടെ എന്റെ കൂടെ ഇനിയും രണ്ടുപേരുണ്ട്. ഏകദേശം അമ്പത് വയസ്സിന് മേല്‍ പ്രായമുള്ള ഒരു പുരുഷനും ഏതാണ്ട് അതേ പ്രായം വരുന്ന ഒരു സ്ത്രീയും. അവരും വൃദ്ധരായിരുന്നില്ല. സംശയിച്ച് നില്‍ക്കുന്നവരോട് ഞാന്‍ പറയുന്നു, കൊറോണക്ക് പ്രായവ്യത്യാസമില്ല. കൂടുതല്‍ ജാഗരൂകരാകു’ എന്ന് അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മാത്രമേ കൊറോണ ബാധയുണ്ടാകു എന്ന തെറ്റിദ്ധാരണ മാറ്റുവാന്‍ വേണ്ടിയാണ് ഐസിയുവില്‍ നിന്നും ലൈവ് ഇടുന്നതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ താരാ ജെയിന്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊറോണ ബാധ ഉണ്ടെന്ന് തെളിയുകയായിരുന്നു. കഴിഞ്ഞ ആഴ്ച നെഞ്ചില്‍ അണുബാധയുമായാണ് രോഗം ആരംഭിച്ചത്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കും ഐബുപ്രൂഫിനും പാരസിറ്റമോളും കഴിച്ചു. ഐബുപ്രൂഫിന്‍ ആയിരിക്കും വൈറസ് ബാധ വഷളാക്കിയത് എന്നാണ് അവര്‍ വിശ്വസിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തേയും അവര്‍ വീഡിയോയിലൂടെ പ്രകീര്‍ത്തിക്കുന്നുണ്ട്. ശരീരമാസകലം മൂടിക്കെട്ടി ഏതാണ്ട് 24 മണിക്കൂറും അവര്‍ കര്‍മ്മ നിരതരാണ് എന്നാണ് വീഡിയോയില്‍ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫേസ് മാസ്‌കുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുവെന്നും ഒരു നഴ്‌സ്, ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയാണ് കഴിഞ്ഞ ദിവസം ഐസിയുവില്‍ എത്തിയത് എന്നും അവര്‍ പറയുന്നുണ്ട്.
നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്പിച്ച് പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നവരെ താരാ ജെയിന്‍ നിശിതമായി വിമര്‍ശിക്കുമ്പോള്‍ തന്നെ തനിക്കും നേരത്തേ അതേ മാനസികാവസ്ഥയായിരുന്നു എന്ന് അവര്‍ സമ്മതിക്കുന്നുണ്ട്. ഐസിയുവില്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്തശേഷം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വാട്‌സപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു ഈ യുവതി. അവരാണ് മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഇത് പോസ്റ്റ് ചെയ്തത്.
ഇപ്പോള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.അതേസമയം കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക നേട്ടം ചൈന സ്വന്തമാക്കിയെന്നാണ് സൂചന. ചൈനയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്കു പോലും രോഗം കണ്ടെത്തിയില്ല. വൈറസ് ബാധയുണ്ടായ ശേഷം ആദ്യമായാണ് ചൈനയില്‍ ഒരു ദിവസം പുതിയ രോഗികള്‍ ഉണ്ടാകാതിരിക്കുന്നത്. എന്നാല്‍ പുറത്തുനിന്നും വൈറസ് ബാധയുമായി രാജ്യത്തെത്തിയവര്‍ ചൈനയ്ക്കു തലവേദനയാകുന്നതു തുടരുകയാണ്. കഴിഞ്ഞ ഡിസംബറില്‍ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനിലുള്‍പ്പെടെ പുതിയ കൊറോണ കേസുകള്‍ കണ്ടെത്തിയിട്ടില്ല….
