കോവിഡ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാന്‍ എത്രസമയമെടുക്കുമെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായിരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് മസ്സാച്ചുസെറ്റ്‌സ് ഡാര്‍ട്ട്മൗത്തിലെ കംപാരറ്റീവ് ഇമ്മ്യൂണോളജിസ്റ്റായ ശാസ്ത്രജ്ഞന്‍ എറിന്‍ ബ്രോമാഗ് ഇതിനുത്തരം നല്‍കിയിരിക്കുന്നത്.
കോവിഡ് പകരുന്നത് രോഗബാധിതനായ വ്യക്തിയുടെ ബോഡി ഫ്‌ലൂയിഡ് മറ്റൊരു വ്യക്തിയിലേക്ക് ഏതെങ്കിലും വിധത്തില്‍ പ്രവേശിക്കുമ്പോഴാണ്. ഇതിന് അടുത്തു നിന്നുള്ള പെരുമാറ്റം തന്നെ ധാരാളമാണ്. ശ്വസനം, ചുമ, മൂക്ക് ചീറ്റല്‍ തുടങ്ങിയ മാനുഷികമായ പ്രവൃത്തികളെല്ലാം അടുത്തു നില്‍ക്കുന്നയാള്‍ക്ക് കൊറോണ വൈറസ്സിനെ പകര്‍ന്നു നല്‍കാന്‍ കഴിയും. വായുവില്‍ ലോഡുകണക്കിന് കൊറോണവൈറസ് അടങ്ങിയ ഉമിനീര്‍കണങ്ങള്‍ ഒരു രോഗി സംസാരിക്കുമ്പോള്‍ പുറത്തു വരുന്നു.
എന്നാല്‍, ഈ രോഗകണങ്ങള്‍ മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ എത്ര നേരം വേണം? രോഗം ബാധിച്ചയാളുമായി വെറും പത്ത് മിനിറ്റ് നേരത്തെ സമ്പര്‍ക്കം മാത്രം മതി ഈ വൈറസ്സുകള്‍ മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ എന്നാണ് എറിന്‍ ബ്രോമാഗിന്റെ പഠനം വ്യക്തമാക്കുന്നത്.
സാധാരണമായ സംസാരങ്ങള്‍ക്കിടയിലുള്ള ശ്വസനത്തിലൂടെ വൈറസ് മറ്റൊരാളിലേക്ക് പകരാന്‍ എത്ര നേരമെടുക്കുമെന്നതാണ് പഠനം. ശ്രദ്ധിക്കുക, ചുമയ്ക്കുകയോ, ബോഡി ഫ്‌ലൂയിഡുമായി മറ്റേതെങ്കിലും തരത്തില്‍ അടുത്ത സമ്പര്‍ക്കം വരികയോ വേണ്ട. രോഗിയില്‍ നിന്നും പുറപ്പെടുന്ന ഉമിനീര്‍ കണികകള്‍ പെരുമാറുന്ന ആ ചുരുങ്ങിയ മേഖലയ്ക്കുള്ളില്‍ നിങ്ങള്‍ വെറുതെ നിന്നാല്‍ മാത്രം മതി.
ഒറ്റ ശ്വാസോച്ഛ്വാസത്തില്‍ ഒരു വ്യക്തി 50,000 സൂക്ഷ്മ ഉമിനീര്‍ കണികകള്‍ വരെ പുറത്തുവിടാമെന്നാണ് കണക്ക്. ഇത്രയധികം ഫ്‌ലൂയിഡ് വായുവിലേക്ക് നമ്മള്‍ ഓരോ നിമിഷവും പകരുന്നുണ്ട് എന്നത് തിരിച്ചറിയുന്നവര്‍ കുറവായിരിക്കും.
