ലോകം കൊറോണ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ ഞെട്ടിക്കുന്ന മറ്റൊരു വാർത്തകൂടി വരികയാണ്. വൈറസ് പൊട്ടിപുറപ്പെട്ടെന്ന് കരുതുന്ന ചൈനയിലെ വുഹാൻ മാർക്കറ്റ് വീണ്ടും തുറന്നിരിക്കുകയാണ്. അമേരിക്കയിലെ വാർത്താ ചാനലായ ഫോക്സ് ന്യൂസ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടു.
മാനവരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കൊറോണ വൈറസിൻ്റെ പ്രഭവകേന്ദ്രം വുഹാനിലെ വെറ്റ് മാർക്കറ്റാണെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. വവ്വാലുകളും പാമ്പുകളും അടക്കം അനേകം വന്യജീവികളുടെ മാംസം വിൽക്കുന്ന കമ്പോളമാണിത്.
കൊറോണ ഭീതിയിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുമ്പ് തന്നെ വീണ്ടും ഈ മാർക്കറ്റ് തുറക്കാനുള്ള നടപടി അപകടകരമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മാർക്കറ്റിൽ നിന്ന് വവ്വാൽ മുഖേനയാണ് കൊറോണ വൈറസ് പടർന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 55കാരനാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾക്ക് ഈ മാർക്കറ്റുമായി ബന്ധമുണ്ടായിരുന്നു. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാർക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും മാർക്കറ്റ് പ്രവർത്തിക്കുന്നത്.
