കേരള കോൺഗ്രസിലെ പടലപ്പിണക്കത്തെ തുടർന്ന് യുഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് വിഭാഗത്തിനെ റാഞ്ചാൻ ബിജെപി തയ്യാറെടുക്കുന്നു. യുഡിഎഫിൽ നിന്നും പുറത്തായതിനാൽ ഇനി എൽഡിഎഫ്, എൻഡിഎ മുന്നണികളിൽ ഒന്നിലേക്ക് പ്രവേശിക്കുക എന്ന വഴിമാത്രമേ ജോസ് വിഭാഗത്തിന് മുന്നിലുള്ളൂ.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഒരു മുന്നണി അതിവേഗത്തിൽ ഒരു പ്രവേശനം എന്നതാണ് ജോസ് വിഭാഗത്തിൻ്റെ ആവശ്യം. എൻഡിഎയ്ക്ക് ഒപ്പം കൂടിയാൽ ബിജെപിക്ക് വലിയ നേട്ടമാകും പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പിൽ നൽകുക.
ജോസ് വിഭാഗത്തിൻ്റെ എൻഡിഎ പ്രവേശനത്തിനെ ചെറുക്കുന്നതിനായി ശ്രമം നടത്തുകയാണ് സിപിഎം. അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ എൽഡിഎഫിലെ പ്രമുഖ പാർട്ടിയായ സിപിഐയുടെ എതിർപ്പാണ് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടുന്നതിന് വിലങ്ങുതടിയാകുന്നത്.
ജോസ് പക്ഷത്തെ എല്‍ഡിഎഫിലെത്തിക്കാന്‍ സിപിഐയുടെ, പ്രത്യേകിച്ചു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ, എതിര്‍പ്പ് മാത്രമാണു സിപിഎമ്മിനു മുന്നിലുള്ള തടസം. സിപിഐ. അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബുവിനും സത്യന്‍ മൊകേരിക്കും ഇക്കാര്യത്തില്‍ കാനത്തിന്റെയത്ര കടുംപിടിത്തമില്ല.
കാനത്തെ മെരുക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെയുമാണു സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫെെനലായ തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തെ എങ്ങനെയും ഒപ്പം നിര്‍ത്തുകയാണു ലക്ഷ്യം. ഇതിനായി റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടന്നതായാണു സൂചന.
