കേരളത്തിൽ രോഗം ബാധിച്ച എല്ലാ ആരോഗ്യ പ്രവർത്തകരും ആശുപ്രതി വിട്ടു; വീണ്ടും അഭിമാന നേട്ടം കൈവരിച്ച് സംസ്ഥാനം

കേരളത്തിൽ കൊവിഡ് പ്രതിരോധത്തിനിടെ വൈറസ് ബാധയേറ്റ എല്ലാ ആരോഗ്യ പ്രവർത്തകരും രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ലോകത്തിൽ എല്ലായിടത്തും ഏവരെയും ആശങ്കയിലാഴ്ത്തിയ പ്രതിഭാസമായിരുന്നു ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്ന സംഭവം. എന്നാൽ കേരളം അവിടെയും മാതൃകയാകുകയാണ്.

എല്ലാ ആരോഗ്യപ്രവത്തകരെയും സുഖപ്പെടുത്താൻ സംസ്ഥാനത്തിനായി. ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ തൻ്റെ പേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ശുഭവാർത്ത കേരളത്തെ അറിയിച്ചത്.

കെ.കെ. ഷൈലജ ടീച്ചറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ലോകമെങ്ങും വലിയ ആശങ്കയോടെ കേള്‍ക്കുന്ന വാര്‍ത്തയാണ് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു എന്നത്. വളരെ മുന്‍കരുതലുകള്‍ എടുത്തിട്ടും നമ്മുടെ സംസ്ഥാനത്തും മൂന്ന് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഏപ്രില്‍ മൂന്നിന് ആശുപത്രി വിട്ടിരുന്നു. കോവിഡ് സ്ഥിരീകരിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെ. സന്തോഷ് കുമാര്‍, കെ.കെ. അനീഷ് എന്നിവരാണ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടിയിരിക്കുകയാണ്. ഇവരെ വിളിച്ച് ആരോഗ്യ മേഖലയ്ക്ക് ചെയ്യുന്ന ആത്മാര്‍ത്ഥ സേവനത്തിന് അഭിനന്ദനം അറിയിച്ചു. ഇവരെപ്പോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിന്റെ ഊർജ്ജം.

എറണാകുളം ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലേയും കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് സന്തോഷ് കുമാറും അനീഷും. നെടുമ്പാശേരി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ മാര്‍ച്ച് 19നും 21നും ഇവര്‍ക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ആയതിനാല്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എന്‍ 95 മാസ്‌കും അതിനുമീതെ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസും ധരിച്ചാണ് യാത്രക്കാരെ പരിശോധിച്ചത്. മാര്‍ച്ച് 23ന് സന്തോഷ് കുമാറിന് ചെറുതായി പനി തുടങ്ങി. ഉടന്‍ താമസ സ്ഥലമായ കാലടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിരീക്ഷണത്തിലാക്കി. മറ്റ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ 28ന് സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചു. അന്ന് വൈകിട്ട് തന്നെ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടതിനെ തുടര്‍ന്ന് സന്തോഷ് കുമാറിനെ എറണാകുളം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. ഇതോടൊപ്പം എയര്‍പോര്‍ട്ടില്‍ സേവനമനുഷ്ഠിച്ച അനീഷ് ഉള്‍പ്പെടെ ആ ബാച്ചിലെ 40 ഓളം പേരെ നിരീക്ഷണത്തിലാക്കി.

ഡിസ്ചാര്‍ജ് ആയതോടെ ഇരുവരും വീട്ടിലെ നിരീക്ഷണത്തിലാണ്. എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഗീത നായര്‍, ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, കൊറോണ നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

Vinkmag ad

Read Previous

കണ്ണൂരിലേത് പോക്‌സോ ജിഹാദ് ! പുതിയ ആരോപണവുമായി സംഘപരിവാര്‍

Read Next

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു; അവസാന കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു

Leave a Reply

Most Popular