സംസ്ഥാനത്ത് ഡെങ്കിപ്പനി മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. മഴ ശക്തമായതോടെയാണിത്. കൊതുകുകള്‍ വഴിയാണ് രോഗം പടരുന്നത്. കൊതുകുനശീകരണത്തിലൂടെ മാത്രമെ ഡെങ്കിപ്പനി തുടച്ചു നീക്കാനാകു എന്നും വകുപ്പ് അറിയിച്ചു. മഴ കനക്കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത തുടരണം. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നുണ്ട്.
രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. കൊവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിയുള്ള പ്രതിരോധം ശക്തമാക്കണം. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും സിഎഫ്എല്‍ടിസികളും ദുരിതാശ്വാസ ക്യാമ്പുകളും കൊതുകില്‍ നിന്നും മുക്തമാക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
