കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും, ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്.
ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
കോവിഡ് 19 വൈറസ് നിയന്ത്രണാതീതമായി തുടരുന്ന ഇറ്റലിയില്‍ ഒരു കോടി ജനങ്ങളെ പ്രത്യക നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍വരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും. ഇറ്റലിയില്‍ ഇതുവരെ 230 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 50 പേര്‍ മരണത്തിന് കഴടങ്ങിയിരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 5883 ആയി.
ഇറ്റലിയില്‍ നിന്ന് കൊച്ചിയിൽ എത്തിയവർ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരായില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു. ഇറ്റലിയില്‍ നിന്ന് ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവര്‍ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വന്നു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്. ഈ വിമാനത്തിലുണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.
