കേരളത്തില്‍ മതവിദ്വേഷം പടര്‍ത്താന്‍ മറുനാടന്‍ മലയാളിയുടെ വ്യാജവാര്‍ത്ത; തബ്ലീഗുകാര്‍ ഒളിവിലെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മറുനാടന്‍ മലയാളിയും ഇന്ത്യടുഡേയും പ്രസിദ്ധീകരിച്ചത് വ്യാജ വാര്‍ത്ത. ഡല്‍ഹിയില്‍ നിന്നെത്തിയ 284 തബലീഗുകാര്‍ കേരളത്തിലെത്തി മുങ്ങിനടക്കുന്നുവെന്നായിരുന്നു ഇന്ത്യടുഡേയും മറുനാടന്‍ മലയാളിയും വ്യാജ കണക്കുകള്‍ നിരത്തി പ്രചരിപ്പിച്ചത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ 217 തബ് ലീഗുകാരെ നിരീക്ഷണത്തിലാക്കുകയും ഇവരെ പരിശോധിക്കുകയും ചെയ്തു. ഇതില്‍ 20 പേര്‍ക്ക് പോസറ്റീവാണെന്ന് കണ്ടെത്തുകയും തുടര്‍ചികിത്സക്കായി മാറ്റുകയും പിന്നീട് രോഗ വിമുക്തി നേടുകയും ചെയതു. വ്യാജ പ്രചരണം ശക്തമായതോടെ മുഖ്യമന്ത്രി നേരിട്ട് തന്നെ കാര്യങ്ങള്‍ വിശദീകരിക്കുകയായിരപുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ മുഴുവന്‍ തബ്ലീഗ് കാരെയും നിരീക്ഷണത്തിലാക്കിയെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും മുഖ്യമന്ത്രിവാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാനം നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇതില്‍ തിരുവനന്തപുരത്ത് വിതുരയില്‍ മാത്രമാണ് ഒരാളെ കണ്ടെത്താനുള്ളതെന്ന് പോലീസ് വൃത്തങ്ങളും വ്യക്തമാക്കുന്നു. എന്നാല്‍ സംഘപരിവാറിനുവേണ്ടി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാകട്ടെ 284 തബ്ലീഗുകാര്‍ കേരളത്തില്‍ ഒളിവിലാണെന്നും അവര്‍ രോഗപ്രചാരകരാകുന്നുവെന്നുമാണ്.

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഇത് സംബന്ധിച്ച് പുറത്തിറക്കിയ വീഡിയോ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ വൈറലായിരുന്നു. 284 തബ്ലീഗുകാര്‍ കേരളത്തെ മുടുപ്പിക്കുമോ ? എന്നായിരുന്നു മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ വീഡിയോയിലൂടെ ചോദിച്ചത്. തബ്ലീഗ് ജമാഅത്തിന്റെ പേരില്‍ രാജ്യത്താകമാനം മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ക്രൂരമായ അക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനിടയിലാണ് കേരളത്തിലും വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടത്തിയത്. കേരളത്തില്‍ വ്യാപകമായ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ നിരവധിസ്ഥലങ്ങളില്‍ ഒരു സമുദായത്തെ കേന്ദ്രീകരിച്ച് കുപ്രചരണങ്ങള്‍ ശക്തമായി.

തബ് ലീഗുകാര്‍ മുങ്ങിനടക്കുന്നതോടെ കേരളം വന്‍ഭയപാടിലാണെന്നും കേരളത്തെ ഇവര്‍ തകര്‍ക്കുമെന്ന പ്രസ്താവന സംഘപരിവാര്‍ സോഷ്യല്‍ മീഡി ഗ്രൂപ്പുകള്‍ വന്‍ തോതില്‍ പ്രചരിപ്പിച്ചു. ഇതിനു പിന്നാലെ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ ഇതേ വാദഗതികളുമായി രംഗത്തെത്തി. ഇന്ത്യടുഡേയുടെ തിരുവനന്തപുരം ലേഖകനാണ് ഇത് സംബന്ധിച്ച് ആദ്യവാര്‍ത്ത പ്രസിദ്ധികരിക്കുന്നത്. ഇതേ വാര്‍ത്ത സത്യമാണെന്ന് വരുത്തി മറുനാടന്‍ മലയാളിയും കുടുതല്‍ ഭീതി സൃഷ്ടിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു. വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എല്ലാ സംവിധാനവുമുണ്ടായിട്ടും വ്യാജ കഥ ഭീതിപരത്തി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നാണ് തെളിയുന്നത്.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; എട്ടുപേര്‍ രോഗമുക്തരായി

Read Next

ഹജ്ജിന് പോകാന്‍ സ്വരുകൂട്ടിയ പണമെടുത്ത് സാധുക്കളുടെ പട്ടിണിമാറ്റാനിറങ്ങിയ അബ്ദുള്‍ റഹ്മാന്റെ കഥ

Leave a Reply

Most Popular