കേരളത്തിലേയ്ക്ക് പ്രാവാസിവരുമാനത്തില്‍ വന്‍ കുറവ് വരുമെന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിത നില താറുമാറിലാക്കുമെന്ന് ആശങ്ക. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഇരുപത് ശതമാനത്തോളം കുറവാണ് ഈ വര്‍ഷമുണ്ടാവുക. കോവിഡ് ഭീതിയ്ക്ക് മുമ്പ് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 2400കോടിയുടെ കുറവുണ്ടായിരുന്നു. ഈ നില ആവര്‍ത്തിച്ചാല്‍ ലക്ഷകണക്കിന് കുടുംബങ്ങളെ ഇത് ബാധിക്കും.
മുന്‍പ് 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161 കോടിയുമായിരുന്നു പ്രവാസി വരുമാനം. ഇന്ത്യയിലേക്കെത്തുന്ന പ്രവാസി വരുമാനത്തിന്റെ 19% കേരളത്തിലേക്കാണ്.
സൗദി അറേബ്യയില്‍ നിന്ന് 39 ശതമാനവും യുഎഇയില്‍ നിന്ന് 23 ശതമാനവും ഒമാനില്‍ നിന്ന് ഒന്‍പത് ശതമാനവും കുവൈത്തില്‍ നിന്ന് ആറ് ശതമാനവും ബഹ്റിനില്‍ നിന്ന് നാല് ശതമാനവും ഖത്തറില്‍ നിന്ന് ഒന്‍പത് ശതമാനവുമാണ് പ്രവാസി വരുമാനം എത്തുന്നത്.
കേരള കുടിയേറ്റ സര്‍വ്വെ 2018 പ്രകാരം പ്രവാസികളുടെ എണ്ണം 21 ലക്ഷമാണ്. ഇതില്‍ 89 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങില്‍ നിന്നുള്ളവരാണ്. കൊവിഡ് പ്രതിസന്ധിയില്‍ മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തത് 4,42,000 പേരാണ്. ആകെ പ്രവാസികളുടെ ഇരുപത് ശതമാനം നാട്ടിലേക്ക് മടങ്ങിയാല്‍ കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും.
രാജ്യത്തെ പ്രവാസി പണത്തിന്റെ 19 ശതമാനമാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വര്‍ഷം എത്തിയത് 2,40,000 കോടി രൂപയാണ്. ഈ വര്‍ഷം 2,60,000 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കൊവിഡിന് മുന്നെ തിരിച്ചടിയാണ്.ജനുവരി-ഫെബ്രുവരി മാസത്തില്‍ തന്നെ 2400കോടി രൂപ കുറഞ്ഞു. മാര്‍ച്ച്,എപ്രില്‍,മെയ് മാസത്തെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഒരുലക്ഷം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുമെന്നാണ് പ്രാഥമിക കണക്ക്.
