കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായി ലോക്ഡൗൺ (അടച്ചിടൽ) ആയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ഇതുവരെ ബാധിച്ചവർ 95 ആയി. ഈ സാഹചര്യത്തിലാണ് നടപടിയിലേയ്ക്ക് കടക്കുന്നത്.
മാർച്ച് 31 വരെയാണ് ഇപ്പോൾ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സംസ്ഥാന അതിർത്തികൾ അടച്ചിടും. പെട്രോൾ പമ്പ്, എൽ.പി.ജി വിതരണം, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും. നിയന്ത്രണങ്ങൾ ഇന്നു രാത്രി മുതൽ പ്രബല്യത്തിൽ വരും.
കാസർകോട് 19, കണ്ണൂർ 5, എറണാകുളം 2, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95 ആയി. നാലു പേർ രോഗ മുക്തി നേടി.

Tags: kerala|lock down