ലോകം നേരിടുന്ന മഹാമാരിയെ പിടിച്ചുകെട്ടുകയാണ് കേരളം.ഓരോ ദിനവും അതിജീവനത്തിൻ്റെ പാതയിൽ. നിപ്പയെ പൊരുതി തോൽപ്പിച്ച ഇന്നാട്ടിനിത് ജീവൻ നിലനിർത്താനുള്ള പോരാട്ടം കൂടിയാണ്. നാം തള്ളി പറഞ്ഞ ആ ആരോഗ്യമേഖല തന്നെയാണ് ഇന്ന് കേരളത്തെ കരുതലോടെ ചേർത്ത് പിടിച്ചത്.
ചൈനയിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ട മാധ്യമ വാർത്തകൾ കണ്ടയുടൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട കേരളത്തിൻ്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വരാൻ സാധ്യതയുള്ള മഹാദുരന്തത്തിൻ്റെ മുന്നറിയിപ്പ് നൽകി. ആരോഗ്യമേഖലയെ ഒന്നാക്കി നിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.
തൊട്ടുപിന്നാലെ മറ്റു വകുപ്പുകളെ ചേർത്തു നിർത്തി കേരളത്തിൻ്റെ മുഖ്യമന്ത്രി സമാനതകളില്ലാത്ത ചിട്ടയായ പദ്ധതികൾക്ക് രൂപം നൽകുന്നതും ലോകം കണ്ടു.
അമിത വിശ്വാസം പ്രകടിപ്പിച്ച സമ്പന്ന രാജ്യങ്ങൾക്ക് പോലും, കേരളം മാതൃകയാവുന്നതും ഈ കരുതലിലാണ്.തൃശൂരിൽ രാജ്യത്തെ ആദ്യ കോവിഡ് – 19 സ്ഥിതീകരണം വന്നതിനു പിന്നാലെ ജില്ലയിലെ മന്ത്രിമാരെയും ആരോഗ്യ പ്രവർത്തകരെയും അർദ്ധരാത്രിയിൽ വിളിച്ചു ചേർത്ത് കർമ്മ പരിപാടികൾക്ക് രൂപം നൽകിയ കേരളത്തിൻ്റെ ആരോഗ്യ മന്ത്രി മഹാമാരിയ്ക്ക് എതിരായ യുദ്ധത്തിൽ മുന്നിൽ തന്നെയുണ്ട് എന്ന സന്ദേശം ഈ നാടിന് നൽകി.തുടർന്നിങ്ങോട്ട്അതീവ സുരക്ഷയും മികച്ച ചികിത്സയും നൽകി, രോഗബാധിതരെ രക്ഷിച്ചെടുത്തു.
60 വയസ്സിന് മുകളിലുള്ളവർ രോഗബാധിതരായാൽ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തുക അസാധ്യമെന്ന് ലോകം വിലയിരുത്തിയപ്പോൾ, 93 വയസ്സുള്ള തോമസ് എബ്രാഹമും, 88 വയസ്സുക്കാരി മറിയാമ്മയും മഹാമാരിയോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചു നടന്നു. റാന്നിയിലെ ഈ വൃദ്ധ ദമ്പതിമാരെ പാട്ടു പാടിയും കൂട്ടുകൂടിയുമാണ് , ആരോഗ്യ പ്രവർത്തകർ രോഗം ചികിത്സിപ്പിച്ച് ഭേദമാക്കിയത്.
റാന്നിയിലെ മോൻസിക്കും, ഓമനയ്ക്കും , ജോസഫിനും പറയാനുള്ളത് രോഗത്തോടുള്ള പോരാട്ടത്തിൻ്റെ കഥ മാത്രമല്ല, സമൂഹത്തിൻ്റെ വിദ്വേഷത്തിനോടുള്ള പോരാട്ടം കൂടിയാണ്.തങ്ങളെ ചേർത്ത് പിടിച്ച ആരോഗ്യ പ്രവർത്തകർക്കും, അതിജീവിക്കാൻ കഴിയുമെന്ന ഡോക്ടർ നസ്ലീമിൻ്റെ വാക്കുകൾക്കും നന്ദി പറയുകയാണ് ഈ കുടുംബം.16 ദിവസത്തോളം രോഗബാധിതനായി ഐസലേഷൻ വാർഡിൽ കഴിഞ്ഞ് ഇറങ്ങിയ ലതീഷിന് പറയാനുള്ളത് ക്ലിനിംങ്ങ് സ്റ്റാഫ് മുതൽ സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും കരുതലിനെക്കുറിച്ചാണ്.മലപ്പുറത്തെ ആദ്യ കോവിഡ് അതിജീവിച്ച 59ക്കാരിയും, കോവിഡിനെ തോൽപ്പിച്ച പൊൻമുണ്ടം സ്വദേശി മുസ്തഫയും കിട്ടാവുന്നതിൽ വച്ച് മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് പറയുന്നു.സർക്കാർ ആശുപത്രികളെ പുച്ഛമായി കണ്ടിരുന്നതായും, എന്നാൽ മികച്ച ചികിത്സ ലഭ്യമായതാണ് കോവിഡിൻ്റെ പിടിയിൽ നിന്ന് തിരിച്ചു വരാൻ വഴിയൊരുക്കിയതെന്ന് കണ്ണൂരിലെ നബീൽ.
കൊല്ലത്തെ ആദ്യ പോസീറ്റീവ് രോഗിയായ പ്രാക്കുളം സ്വദേശി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു നടന്നത് 11 ദിവസങ്ങൾ കൊണ്ട്.
അതിജീവനത്തിന് കരുത്തേകി കാസർക്കോട്ടെ കോവിഡ് വാർഡിലെ പാട്ട് ലോക ശ്രദ്ധ നേടി.
ഇതിനിടയിൽ പണമാണ് വലുതെന്ന് ആരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകമറിഞ്ഞു.
പവറാണ് വലുതെന്ന് പലരും പറഞ്ഞു.
ഇവയല്ല വലുതെന്ന് നാമ്മിന്ന് അറിഞ്ഞു.
കോഴിക്കോട്ടുകാരൻ മോഹനൻ കോവിഡിനെ പ്രതിരോധിക്കാൻ ഇങ്ങനെ പാടി.
മോഹനൻ പാടി അവസാനിപ്പിച്ചത് ഇങ്ങനെ
അകലാതെ അകലണം നാളെയ്ക്കു വേണ്ടി നാം.
നിരീക്ഷണ കാലവധി പൂർത്തിയാക്കിയ നഴ്സുമാരായ രേഷ്മ മോഹൻ ദാസും, പാപ്പ ഹെൻറിയും കോവിഡ് വാർഡുകളിൽ സേവനത്തിന് എത്താൻ തങ്ങളിനിയും സന്നദ്ധരാണെന്ന് അറിയിച്ച് രംഗത്തെത്തി.
കേരളത്തിൻ്റെ കരുതലും ജാഗ്രതയും ഇന്ന് കടൽ കടന്ന് വിവിധ രാജ്യങ്ങളിൽ വരെ എത്തി നിൽക്കുന്നു. ഡോക്ടർമാരുടേയും ,നഴ്സുമാരുടെയും അർപ്പണബോധം വിവരണങ്ങൾക്ക് അതീതമാണ്.
ഓരോ ദിനവും കൊവിഡിനെ അവലോകനം ചെയ്ത് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനവും, ഈ നാട്ടിന് കരുത്തേക്കി. കൊവിഡിൽ അടിതെറ്റി
ലോകത്ത് മരണനിരക്ക് 5.75%, ഇന്ത്യയിൽ 2.9% വും ആയപ്പോൾ കേരളം അവിടെയും അടിപതറിയില്ല. 0.58 ശതമാനണ് കേരളത്തിലെ മരണ നിരക്ക്. അസുഖം ഭേദമായി 8.3% പേർ ഇന്ത്യയിൽ ആശുപത്രിവാസം അവസാനിപ്പിച്ചപ്പോൾ, കേരളത്തിൽ ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്, 24%.
കൊവിഡിനെ പൊരുതി തോൽപിക്കാൻ, രോഗികൾക്ക് കൂട്ടായും, സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആഗ്രഹം പ്രകടിപ്പിച്ചും യുവജന സേനയിൽ അംഗമായത് നിരവധി പേർ.കോവിഡ് എന്ന മഹാമാരിയെ കരുതലും മികച്ച ചികിത്സയും കൊണ്ട് കേരളം ഇന്ന് അതിജീവിക്കുകയാണ്.
