മമത ബാനർജിയും കേന്ദ്രസർക്കാരും തമ്മിലുള്ള ശീതസമരം നേർക്കുനേരുള്ള പോർവിളിയായി. പ്രധാനമന്ത്രി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി നടത്തിയ അഞ്ചാമത്തെ യോഗത്തിനിടെയായിരുന്നു മമത കേന്ദ്ര നയങ്ങളെ രൂക്ഷമായ വാക്കുകളിൽ എതിർത്തത്.
കോവിഡില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും സംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ലെന്നും മമത തുറന്നടിച്ചു. ഫെഡറല്‍ സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു. മുന്‍ യോഗങ്ങളെ അപേക്ഷിച്ച് ഇക്കുറി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമുണ്ടായിരുന്നു.
മുന്‍കൂട്ടിയ തയ്യാറാക്കിയ തിരക്കഥ വെച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാനങ്ങളോട് ഒരുകാര്യത്തിലും അഭിപ്രായങ്ങള്‍ ചോദിക്കുന്നില്ലെന്നും മമത പറഞ്ഞു. മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാന ആഴ്ച്ചയിലേക്ക് കടന്നതോടെ ഇളുകളെക്കുറിച്ച് സംസാരിക്കുന്നതിനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.
നേരത്തെ, കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കതിരെ കൊൽക്കത്ത പോലീസ് കേസെടുത്തത് വാർത്തയായിരുന്നു. പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിൻഹക്കെതിരായി വ്യാജ ചിത്രം ട്വീറ്റ് ചെയ്തതിനായിരുന്നു കേസ്. മമതയുടെ സഹോദരനും ചിത്രത്തിൽ ഉണ്ടായിരുന്നു.
പശ്ചിമബംഗാളില്‍ നിന്നും ശരിയായ കോവിഡ് രോഗത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രസംഘം നേരത്തെ ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശന വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് കാണിച്ച് അപ്പോള്‍ പ്രധാനമന്ത്രിക്ക് മമത ബാനര്‍ജി കത്തയക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടുത്ത വിമർശനം മമത ഉയർത്തിയത്.
