ജെ.എന്‍.യു രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍ വിദ്യാര്‍ത്ഥികളെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയ തീരുമാനം വിവാദമാകുന്നു. മുഖ്യമന്ത്രി കേജ്രിവാളിനെതിരെ രൂക്ഷമായ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.
നാലുവര്‍ഷം മുമ്പാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്. പോലീസ് തെളിവായി ഹാജരാക്കിയ വീഡിയോ അടക്കം വ്യാജമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
സര്‍ക്കാർ നടപടിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്തെത്തി. നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് അരവിന്ദ് കെജ്രിവാളിന് പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗ് ട്വീറ്റ്.
‘മഹാനായ അരവിന്ദ് കെജ്രിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു പ്രശംസയാവുകയേ ഉള്ളൂ. എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്’ എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കനയ്യ കുമാറിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് അനുരാഗ് വിമർശനം ഉന്നയിക്കുന്നത്.
സർക്കാർ നടപടിക്കെതിരെ കനയ്യ കുമാറും രംഗത്തെത്തി. തീരുമാനമെടുത്ത സർക്കാരിനെ കളിയാക്കിക്കൊണ്ടാണ് കനയ്യകുമാർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിൽ സർക്കാരിന് നന്ദി അറിയിക്കുകയും ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ട്രയൽ നടത്തണമെന്നും കനയ്യ ആവശ്യപ്പെടുന്നുണ്ട്.
