ഡൽഹിയിൽ ആംആദ്മി സർക്കാരിനെതിരെ സമരം ചെയ്യാനുള്ള ബിജെപി ക്ഷണം നിരസിച്ച് അഴിമതി വിരുദ്ധ പോരാളി അണ്ണാ ഹസാരെ. കെജരിവാൾ സർക്കാരിൻ്റെ അഴിമതികൾക്കെതിരെ സമരം ചെയ്യാനാണ് ബിജെപി അണ്ണാ ഹസാരെയെ ക്ഷണിച്ചത്.
പ്രതിഷേധത്തില്‍ പങ്കാളിയാകാനുള്ള ക്ഷണം നിരസിക്കുന്നതായി ചൂണ്ടിക്കാട്ടി അണ്ണാ ഹസാരെ ഡല്‍ഹി ബിജെപി ഘടകത്തിന് കത്തയച്ചു. ബിജെപിയുടെ ക്ഷണക്കത്ത് വായിച്ച് നിരാശ തോന്നിയെന്നും അണ്ണാ ഹസാരെ കത്തിൽ പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷമായി നിങ്ങളുടെ പാര്‍ട്ടി ബിജെപിയാണ് കേന്ദ്രത്തില്‍ അധികാരത്തില്‍. നിങ്ങളുടെ പാര്‍ട്ടിക്ക് അവരുടെ പിന്തുണ വേണ്ടത്രയുണ്ട്. എന്നിട്ടും ഒരു ചെറിയ കൂരയില്‍ കഴിയുന്ന അധികാരവും സമ്പത്തും ഇല്ലാത്ത സാധുവാണ് തന്നെ എന്തിനാണ് ക്ഷണിക്കുന്നതെന്നും ഡല്‍ഹി ബിജെപി മേധാവി ആദേഷ് ഗുപ്തക്കെഴുതിയ കത്തില്‍ അണ്ണാ ഹസാരെ പറയുന്നു. ഇതിലും നിര്‍ഭാഗ്യകരമായി മറ്റെന്താണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
അഴിമതി ഇല്ലാതാക്കാന്‍ കേന്ദ്രം ശക്തമായ നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ആം ആദ്മി സര്‍ക്കാര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങളുടെ സര്‍ക്കാര്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാത്തതെന്നും ഹസാരെ ബിജെപിയോട് ചോദിച്ചു.
