നിയമ വ്യവസ്ഥയിൽ കാതലായ മാറ്റങ്ങൾ വരുത്തുകയാണ് സൗദി അറേബ്യ. പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ റദ്ദാക്കിയിരിക്കുകയാണ്. രാജകുടുംബത്തിൻ്റെ നേതൃത്വത്തിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
സൗദി മനുഷ്യാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചു. വധശിക്ഷയ്ക്ക് പകരം പ്രായപൂർത്തിയാകാത്തവർക്ക് 10 വർഷത്തിൽ കുറയാത്ത ജുവനൈൽ തടവ് ശിക്ഷയാണ് വിധിക്കുക. ഈ ഉത്തരവിലൂടെ രാജ്യത്ത് ഇപ്പോൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിശ്വാസം.
രാജ്യത്തെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഇത്തരം തീരുമാനമെന്ന് അധികൃർ അറിയിച്ചു. കുറ്റകൃത്യങ്ങൾക്ക് നൽകിയിരുന്ന ചാട്ടവാറടി ശിക്ഷയും കഴിഞ്ഞ ദിവസം നിർത്താലാക്കിയിരുന്നു.
ചൈനയും ഇറാനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വധശിക്ഷ നടത്തിയിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. 2019ൽ സൗദി അറേബ്യയിൽ 184 വധശിക്ഷകളാണ് നടന്നത്. തൂക്കിലേറ്റപ്പെട്ട 184 പേരിൽ ആറ് സ്ത്രീകളും 178 പുരുഷന്മാരും ഉൾപ്പെടുന്നു. ഒരു വർഷം നടന്ന വധശിക്ഷകളിൽ ഏറ്റവും കൂടിയ കണക്കാണിത്. 2018ൽ 149 പേരായിരുന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അഞ്ച് വർഷത്തിനിടയിൽ 800 പേരെയാണ് തൂക്കിലേറ്റിയത് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
