കുടിയേറ്റ തൊഴിലാളികളെ തിരികെ നാടുകളിൽ എത്തിക്കാനാരംഭിച്ച ട്രെയിൻ സർവീസ് കർണാടക നിർത്തിവയ്പ്പിച്ചു. ബിഹാറിലെ ദാനാപുടിലേക്ക് അഞ്ച് ദിവസത്തേക്ക് ദിവസേന രണ്ടു ട്രെയിനുകൾ വേണമെന്ന് റെയിൽവേയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരുന്നു.
എന്നാൽ നാളെ മുതൽ ട്രെയിൻ സർവീസുകൾ ആവശ്യമില്ലാത്തതിനാൽ അഭ്യർഥന പിൻവലിക്കുകയാണെന്ന് നോഡൽ ഓഫിസർ എൻ മഞ്ജുനാഥ് പ്രസാദിന്റെ കത്തിൽ പറയുന്നു. ലോക്ഡൗൺ കഴിഞ്ഞ ശേഷമേ അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാൻ കഴിയൂവെന്നും അതുവരെ സംസ്ഥാനത്ത് തുടരണമെന്നും ലേബർ ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ക്യാപ്റ്റൻ മാനിവന്നൻ ട്വീറ്റ് ചെയ്തു.
എല്ലാ അതിഥി തൊഴിലാളികളും നാട്ടിലേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ആശ്യപ്പെട്ടതിന്റെ തൊട്ട് പിന്നാലെയാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാൻ ഏർപ്പെടുത്തിയിരുന്ന എല്ലാ ട്രെയിനുകളും റദ്ദ് ചെയ്തത്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയാണ്.
സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ പോകുകയാണെന്ന് യദിയൂരപ്പ സൂചന ൽകി. കഴിഞ്ഞ ഒന്നരമാസം ജോലി ചെയ്യാതെ തന്നെ തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും കരാറുകാർ നൽകിയിരുന്നെന്നും പ്രഖ്യാപിക്കപ്പെട്ട ഇളവുകളിൽ അവരെക്കൊണ്ട് ജോലി ചെയ്യിച്ച് തുടങ്ങിയതിനാൽ അവർ മടങ്ങിപ്പോകേണ്ടതില്ലെന്നുമാണ് സർക്കാർ തീരുമാനം.
