ലോക്ക്ഡൗണ്‍ കാരണം വിദൂര ദേശങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിനായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകളിൽ പൊലിഞ്ഞത് എൺപതോളം തൊഴിലാളികളുടെ ജീവൻ. റയിൽവേ സുരക്ഷാ സേനയുടെ കണക്കാണിത്.
മെയ് ഒന്ന് മുതല്‍ മെയ് 27 വരെ 3,840 ട്രെയിനുകള്‍ വഴി അഞ്ച് ദശലക്ഷം തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക് പ്രത്യേക ട്രെയിനുകള്‍ക്ക് സാധിച്ചു. എന്നാല്‍ യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും തൊഴിലാളികളുടെ മരണത്തിന് കാരണമായതായി റെയില്‍വെ. മരിച്ചവരില്‍ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയില്‍ തുടരുന്നവരുമാണെന്നും റെയില്‍വെ.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും ഉടനെ പ്രസിദ്ധീകരിക്കുമെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആരുടെ മരണവും നികത്താനാവാത്ത നഷ്ടമാണെന്നും യാത്രക്കിടെ ആര്‍ക്കെങ്കിലും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ട്രെയിന്‍ നിര്‍ത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയില്‍വെ തുടരുന്നുണ്ടെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഭക്ഷണം ലഭിക്കാത്തതിനാല്‍ ചില തൊഴിലാളികള്‍ മരിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചവരുടെ യഥാർത്ഥ കണക്കുകള്‍ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും യാദവ് അറിയിച്ചു.
