ദശലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല. ഇതില്‍ രാജ്യം കടുത്ത നിരാശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ അതിഭീകരവും ഹൃദയഭേദകവുമാണെന്നും അവര്‍ക്ക് അനുകമ്പയും ശ്രദ്ധയും ആവശ്യമാണെന്നും സുരക്ഷിതമായി അവരെ തിരിച്ചെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് വെറുമൊരു തലക്കെട്ട് എന്നതിനപ്പുറം താങ്കളുടെ സംസാരം രാജ്യത്തിന് ഒന്നും നല്‍കുന്നില്ല’- സുര്‍ജേവാല പറഞ്ഞു.
പ്രധാനമന്ത്രിയുടെ സഹാനുഭൂതി ഇല്ലായ്മയും സംവേദനക്ഷമതയുടെ അഭാവവും ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയെ പരാജയപ്പെടുന്നുത്തുന്നെന്നാണ് സുർജെവാല വിലയിരുത്തിയത്.
ചൊവ്വാാഴച രാത്രിയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ലോക്ക്ഡൗണ്‍ നാലാംഘട്ടമുണ്ടാകുമെന്നും വിശദാംശങ്ങള്‍ ഈ മാസം പതിനെട്ടിനു മുന്‍പ് പ്രഖ്യാപിക്കുമെന്നുമാണ് മോദി പറഞ്ഞിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജും മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
മോദി കുടിയേറ്റതൊഴിലാളികളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ഏവരും കരുതിയിരുന്നു. ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്തയും നൽകിയിരുന്നു. രാജ്യത്തെ രൂക്ഷമായ മനുഷ്യാവകാശ ജീവൽ പ്രശ്മായി മാറിയിരിക്കുകയാണ് തൊഴിലാളികളുടെ പാലായനം.
