ഉത്തർപ്രദേശിലെ ബറേലിയിൽ അതിർത്തി കടന്നു വന്ന കുടിയേറ്റ തൊഴിലാളികൾക്കുമേൽ അണുനാശിനി തളിച്ച സംഭവത്തിൽ നടപടി. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
നടക്കാൻ പാടില്ലാത്ത സംഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ കൂട്ടത്തോടെ റോഡിലിരുത്തി ശുദ്ധീകരണ മരുന്നടങ്ങിയ വെള്ളം ടാങ്കർ ലോറിയിൽ നിന്നും അവരുടെ ദേഹത്ത് അടിക്കുന്ന ദൃശ്യങ്ങൾ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. കന്നുകാലികളെപ്പോലെ മനുഷ്യരെ ശുദ്ധീകരിക്കുന്നതിനെതിരെ ഇപ്പോഴും പ്രതിഷേധം ഉയരുന്നുണ്ട്.
ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപാലായനം വലിയ തലവേദയാണ് കേന്ദ്രസർക്കാരിന് ഉണ്ടാക്കിയത്. യാതൊരു കണക്കുകൂട്ടലും ഇല്ലാതെ അടച്ചിടൽ പ്രഖ്യാപിച്ചതുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികളുടെ പാലായനം സഭവിച്ചത്.
