ഡല്‍ഹിയിലെ അക്രമപരമ്പരകളില്‍ ഏവരുടേയും കണ്ണുനിറയ്ക്കുന്നതായിരുന്നു യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുന്ന ചിത്രം. സംഘപരിവാരത്തിന്റെ ഡല്‍ഹിയിലെ ക്രൂരതയ്ക്ക് ഒരായിരം തെളിവായിരുന്നു ആ ചിത്രം. സംഘര്‍ഷം പൊട്ടിപുറപ്പെടതിനിയില്‍ മുഹമ്മദ് ഫുര്‍ഖാനെന്ന യുവാവിനെ സംഘപരിവാര്‍ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം വാങ്ങാന്‍ പോയതാണ് കൊല്ലപ്പെട്ട മുഹമ്മദ് ഫുര്‍ഖാനെന്ന് സഹോദരന്‍
മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു.ചേതനയറ്റ അവന്റെ ശരീരമാണ് പിന്നെ മടങ്ങി വന്നതെന്ന് കരഞ്ഞു കൊണ്ട് ഇമ്രാന്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള കടകളെല്ലാം തന്നെ അടച്ചിരുന്നു. കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങിവരാമെന്നു പറഞ്ഞാണ് വീട്ടില്‍നിന്നു പോയത്. വന്‍തോതില്‍ അക്രമം പൊട്ടിപ്പുറപ്പെട്ട ജാഫറാബാദിനു സമീപമാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് അവസാനമായി ഞാന്‍ അവനെ കാണുന്നത്.
സുഹൃത്തുക്കളിലൊരാളാണ് എന്നെ വിളിച്ച് സഹോദരനു കാലില്‍ വെടിയേറ്റുവെന്ന് അറിയിച്ചത്. എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആശുപത്രിയിലേക്ക് ഓടിക്കിതച്ച് എത്തിയപ്പോഴേക്കും എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ക്കപ്പെട്ട് കഴിഞ്ഞിരുന്നു. അവനെ രക്ഷിക്കാന്‍ ഞാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് അപേക്ഷിച്ചു കൊണ്ടിരുന്നു. എന്റെ ലോകമായിരുന്നു അവന്‍. എന്റെ സ്വപ്നവും പ്രതീക്ഷയുമെല്ലാം എന്റെ ഇളയ സഹോദരനായിരുന്നു. എല്ലാം എനിക്കു നഷ്ടമായിരിക്കുന്നു’കണ്ണീരോടെ മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു.
