കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ യാത്രകൾ ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇയാൾ മംഗളൂരുവിൽ പോയി രക്തദാനം നടത്തിയതായും സൂചന. പല തവണ ചോദ്യം ചെയ്തിട്ടും കാര്യത്തിന്റെ ഗൗരവം പറഞ്ഞിട്ടും ഒന്നും കൃത്യമായി ഇയാൾ വെളിപ്പെടുത്തുന്നില്ല. മുവായിരത്തോളം പേരുമായി സമ്പർക്കമുണ്ടായതായി പ്രാഥമിക കണക്ക്.
കാസർകോട് രോഗിയുടെ പ്രവർത്തനമേഖലയെക്കുറിച്ചും സംശയങ്ങൾ ഉയരുകയാണ്. ഇദ്ദേഹം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണോ എന്നാണ് സംശയിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് എരിയാല്‍ സ്വദേശിയായ 47കാരന്‍ ദുബായില്‍ നിന്ന് ഇക്കഴിഞ്ഞ 11ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം ഒരു ദിവസം കോഴിക്കോട്ട് തങ്ങിയിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയിടുത്ത ഇയാള്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലെത്തി. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ചിലര്‍ ഇയാളെ വന്ന് കാണുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് ഇയാള്‍ മാവേലി എക്സ്പ്രസില്‍ കാസര്‍കോട്ടേക്ക് പോയത്.
അതുവരെ ഇയാള്‍ നേരിട്ടോ അല്ലാതെയോ മറ്റു പലരുമായി സമ്പര്‍ക്കം പുലര്‍ത്താനുളള സാധ്യതയുമുണ്ട്. എന്നാല്‍ ഈ ആളുകള്‍ ആരെല്ലാമെന്നോ എവിടെയുളളവരെന്നോ കണ്ടെത്താന്‍ ഇയാളുടെ സഞ്ചാരപഥം തയ്യാറാക്കണം. ചോദ്യങ്ങള്‍ക്ക് ഇയാള്‍ കൃത്യമായി മറുപടി നല്‍കാത്തത് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു പറയുന്നത്.
ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനാല്‍ ഇയാളെ ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് കാസര്‍കോട് ജില്ലാ കളക്റും അറിയിച്ചു. കരിപ്പൂര്‍ വഴി ഇയാള്‍ നിരന്തരം വന്നു പോകുന്നതുവഴിയുളള പരിചയം മുതലെടുത്താണ് ഇയാള്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും സൂചനയുണ്ട്. ഇയാളുടെ പേരില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ കേരളത്തിലോ വിദേശത്തോ കേസുകളുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കുകയാണ് അധികൃതര്‍.
