കാസർഗോഡ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവുമായി ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. നാല് ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുിരിക്കുകയാണ്.
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ഓരോ മേഖലകൾ തിരിച്ച് പൊലീസിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും. പ്രദേശവാസികൾക്ക് പൊലീസുകാർ തന്നെ വീട്ടിൽ സാധനങ്ങൾ എത്തിച്ച് കൊടുക്കും. ആളുകളെ തീരെ പുറത്തിറക്കാത്ത വിധത്തിലാണ് നിയന്ത്രണങ്ങൾ കൽപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രദേശത്ത് ഡ്രോൺ നിരീക്ഷണവുമുണ്ടാകും.
കാസർഗോഡ് അതിജീവനത്തിന്റെ പാതയിലാണെങ്കിലും സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുളിയാറിലെ രണ്ട് സ്ത്രീകൾക്കും 17 കാരനായ തളങ്കര സ്വദേശിക്കുമാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രണ്ടാം ഘട്ടത്തിൽ സമ്പർക്ക പട്ടികയിലെ 60 പേരുൾപെടെ 163 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ 13 രോഗബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചും സംശയിച്ചും ആശുപത്രിയിൽ കഴിയുന്ന 260 പേരുൾപ്പെടെ 10721 പേരാണ് ജില്ലയിൽ നീരീക്ഷണത്തിൽ ഉള്ളത്.
