കാശ്മീരി വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയിലൂടെ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിക്കുവെന്നാരോപിച്ച് കശ്മീരിലെ ഫോട്ടോ ജേര്‍ണലിസ്റ്റായ മസ്രത്ത് സഹ്‌റയ്‌ക്കെതിരെയാണ് ശ്രീനഗറിലെ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത്. 26 കാരിയായ സഹ്റ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റാണ്. വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ,കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യു.എ.പി.എയുടെ സെക്ഷന്‍ 13 ഉം ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 505 ഉം ആണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് തിങ്കളാഴ്ച പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
” മസ്രത്ത് സഹ്റ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പൊതുസമാധാനം തകര്‍ക്കണമെന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം കിട്ടി,” എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. മസ്രത്ത് സഹ്റ, ”ക്രമസമാധാനത്തെ തടസ്സപ്പെടുത്താന്‍ പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ഫോട്ടോഗ്രാഫുകള്‍ അപ്ലോഡ് ചെയ്തതായി പൊലീസ് ആരോപിച്ചു.
ശനിയാഴ്ച വൈകുന്നേരം ശ്രീനഗറിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ പൊലീസ് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് സഹ്‌റ സ്‌ക്രോളിനോട് പറഞ്ഞു. ലോക് ഡൌണായിരുന്നതിനാല്‍ എന്റെ കയ്യില്‍ കര്‍ഫ്യൂ പാസുണ്ടായിരുന്നില്ല. അതുകൊണ്ട് പെട്ടെന്ന് സ്റ്റേഷനില്‍ എത്താന്‍ സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. വരാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഞാന്‍ പോയില്ല. എന്നാല്‍ എഫ്.ഐ.ആറിനെക്കുറിച്ചൊന്നും പറഞ്ഞുമില്ല..സഹ്‌റ വ്യക്തമാക്കി.
പൊലീസ് വിളിച്ചതിന് ശേഷം കശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സഹായം തേടി.ഞാനീ വിവരങ്ങള്‍ ഉടന്‍ തന്നെ കശ്മീര്‍ പ്രസ് ക്ലബിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെയും ഭാരവാഹികളുടെയും ശ്രദ്ധയില്‍പ്പെടുത്തി. അന്ന് വൈകുന്നേരം കശ്മീര്‍ പ്രസ് ക്ലബ് അംഗങ്ങളിലൊരാള്‍ വിളിച്ച് പ്രശ്‌നം പരിഹരിച്ചതായും പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ട കാര്യമില്ലെന്നും പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് അവര്‍ പറഞ്ഞത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്കെതിരെ കേസെടുത്ത വിവരം അറിഞ്ഞതെന്ന് സഹ്‌റ പറഞ്ഞു. സഹ്‌റക്കെതിരെ കേസെടുത്തതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സഹ്‌റക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ് ദ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ പറഞ്ഞു. കാശ്മീരി പ്രസ്‌ക്ലബും പോലിസ് നടപടിക്കെതിരെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ മസ്രത്ത് സഹറയുടെ അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷധമാണ് നടക്കുന്നത്.
