കാശ്മീരില്‍ കരിനിയമം പ്രയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടല്‍ തുടരുന്നു. നാല്‍പത്തെട്ട് മണിക്കൂറിനുള്ളില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് യുഎപിഎ പ്രകാരം കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് പോലീസ് നടപടി. ഏറ്റവുമൊടുവില്‍ പമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗൗഹര്‍ ഗീലാനിക്കെതിരേയാണ് കരിനിയമം ചുമത്തിയിരിക്കുന്നത്.
ദേശീയത, പരമാധികാരം, ദേശീയ സുരക്ഷ എന്നിവയില്‍ മുന്‍വിധിയോടെ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നാണ് ഗീലാനിക്കെതിരേ ജമ്മു കശ്മീര്‍ പോലിസിന്റെ സൈബര്‍ സെല്‍ പുറത്തിറക്കിയ പ്രസ്താവനയിലെ ആരോപണം. കശ്മീര്‍ താഴ്വരയിലെ ‘ഭീകര’പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുക, രാജ്യത്തിനെതിരേ അസംതൃപ്തി സൃഷ്ടിക്കുക, പൊതുജനങ്ങളുടെ മനസ്സില്‍ ഭയവും ആശങ്കയും ഉണ്ടാക്കുക, പൊതു സമാധാനത്തിനും ഭരണകൂട സുരക്ഷയ്ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്ക് നയിക്കുന്ന ഇടപെടലുകള്‍ നടത്തുക എന്നിവയാണ് പോലിസ് ആരോപിക്കുന്നത്. മാത്രമല്ല, ഗൗഹര്‍ ഗീലാനിക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചതായും പോലിസ് പറഞ്ഞു.
നേരത്തേ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരായ പീര്‍സാദ ആഷിഖ്(ദി ഹിന്ദു ദിനപത്രം റിപോര്‍ട്ടര്‍), യുവ വനിതാ ഫോട്ടോഗ്രഫറായ മസ്രത്ത് സഹ്റ എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു. ഗീലാനിയെപ്പോലെ ഫേസ്ബുക്ക് പോസ്റ്റ് ദേശവിരുദ്ധമാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച മസ്റത്ത് സഹ്റയ്ക്കെതിരേയും യുഎപിഎ പ്രകാരം കേസെടുത്തിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന ആക്ഷേപം ശക്തമായിട്ടും പോലിസ് നടപടികള്‍ തുടരുകയാണെന്നും തങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു. അതേസമയം, യുഎപിഎ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയതിനെതിരേ എഡിറ്റര്‍മാരുടെ സംഘടനയായ ഗില്‍ഡ് ഓഫ് ഇന്ത്യ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു. അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഭീകരത ആരോപിച്ച് മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയാണ്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നതിനുള്ള പരോക്ഷമായ മാര്‍ഗമാണിതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കരുതെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
