കാശ്മീരി വനിതകളുടെ ദുരന്തചിത്രങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ച കാശ്മീരി ഫോട്ടോഗ്രാഫര്‍ മസ്രത്തിന് കറേജ്യസ് ആന്‍ഡ് എത്തിക്കല്‍ ജേണലിസം പുരസ്‌കാരം. യാഥാര്‍ത്ഥ്യം കാണിക്കുക എന്നത് തങ്ങളുടെ ജോലിയാണെന്നും അതിന് വേണ്ട സാഹസം നമ്മളെടുക്കണമെന്നും മസ്രത് സഹ്റ പുരസ്‌കാര നേട്ടത്തില്‍ പ്രതികരിച്ചു. അവഗണിക്കപ്പെട്ട കശ്മീരി വനിതകളുടെ കഥകള്‍ പറയാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മസ്രത് പറഞ്ഞു. വരുന്ന സെപ്റ്റംബര്‍ 24ന് ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന വിര്‍ച്വല്‍ പുരസ്‌കാര ചടങ്ങില്‍ മസ്രതിന് അവാര്‍ഡ് സമ്മാനിക്കും.
അന്തരിച്ച തന്റെ ഭര്‍ത്താവ് പീറ്റര്‍ മാക്ലറിന്റെ അതേ ധീരത മസ്രത്തില്‍ കാണാനാകും. അപകടസാധ്യതകളെ അവഗണിക്കുന്ന മനോധൈര്യവും ഏതൊരു മാധ്യമവും ഉപയോഗിച്ച് ലോകത്തിന് സാക്ഷ്യപെടുത്തുന്ന മസ്രത്തിന്റെ ക്രിയാത്മക സമീപനവും പുരസ്‌കാര തെരഞ്ഞെടുപ്പിന് എളുപ്പമാക്കി’ പീറ്റര്‍ മാക്ലര്‍ അവാര്‍ഡിന്റെ സ്ഥാപകയും ഗ്ലോബല്‍ മീഡിയ ഫോറം ട്രെയിനിങ് ഗ്രൂപ്പിന്റെ പ്രസിഡന്റുമായ കാതറിന്‍ ആന്റോയണ്‍ പറഞ്ഞു.
നേരത്തെ അഫ്ഗാനില്‍ വെച്ച് കൊല്ലപ്പെട്ട പ്രശസ്ത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ പുരസ്‌കാര ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്റെ സ്മരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ മീഡിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്‌കാരവും മസ്രത് സ്വന്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ മസ്രത് സഹ്റക്കെതിരെ കശ്മീര്‍ പൊലിസ് യു.എ.പി.എ ചുമത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളുടെ അടിസ്ഥാനത്തിലാണ് മസ്രതിന് യു.എ.പി.എ ചുമത്തിയത്.
