കാവിമങ്ങുന്നു; ബിജെപിയെ കൈവിട്ട് വമ്പന്‍ സംസ്ഥാനങ്ങള്‍

മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്താക്കി ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ രാജ്യത്തെ 55 ശതമാനത്തിലധികം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാര്‍ട്ടികളുടെ കയ്യിലായി. ബിജെപിക്ക് പങ്കാളിത്തമുള്ള സര്‍ക്കാരുകളുടെ എണ്ണം പതിനേഴായും കുറഞ്ഞു.

ഇതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ തന്നെ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോളത്തെ കണക്കുകള്‍ പ്രകാരം ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ 45 ശതമാനത്തില്‍ താഴെ ജനങ്ങള്‍ മാത്രമാണ് ഉള്ളത്. 2017നെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

നരേന്ദ്രമോഡി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി ഏറ്റവും ഉയരത്തിലെത്തി. ഇന്ത്യയിലെ 71 ശതമാനം ജനസംഖ്യയുടെ ഭരണം ബിജെപിക്കു കീഴിലായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചതോടെയാണ് ആ സ്വാധീനം ഇടിഞ്ഞു തുടങ്ങിയത്. മഹാരാഷ്ട്ര കൂടി പ്രതിപക്ഷത്തേക്ക് പോകുമ്പോള്‍ ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 17ആയും കുറഞ്ഞു. ഇതില്‍ ആറെണ്ണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളാണ്.

ഉത്തര്‍പ്രദേശും ബിഹാറും കര്‍ണ്ണാടകയും ഗുജറാത്തുമാണ് ബിജെപി സഖ്യത്തിന് കീഴിലുള്ള വലിയ സംസ്ഥാനങ്ങള്‍. എന്നാല്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങി കൂടുതല്‍ വലിയ സംസ്ഥാനങ്ങള്‍ ബിജെപി ഇതര പക്ഷത്തുണ്ട്. കര്‍ണ്ണാടകത്തില്‍ ബിജെപി ഭരണം തുടരുമോ എന്നത് അടുത്ത മാസത്തെ ഉപതെരഞ്ഞെടുപ്പ് നിര്‍ണ്ണയിക്കും.

Vinkmag ad

Read Previous

വന്‍ സമ്പന്നരുടെ അമ്പതിനായിരം കോടി എഴുതി തള്ളി; 1.61 ലക്ഷം കോടി തിരിച്ചടയ്ക്കാതെ കുത്തകകള്‍ രാജ്യത്തെ പറ്റിക്കുന്നു

Read Next

സിനിമയില്‍ നീതിമാനായ സുരേഷ് ഗോപി ജീവിതത്തില്‍ നികുതി വെട്ടിപ്പുകാരന്‍; ക്രൈബ്രാഞ്ച് വലയില്‍ കുടുങ്ങിയ താരത്തിനെതിരെ കുറ്റപത്രം

Leave a Reply

Most Popular