കാവിഭീകരതയെ എതിര്‍ക്കുന്ന ന്യായാധിപന്‍മാരും ഹിറ്റ്‌ലിസ്റ്റില്‍; ജ്സ്റ്റിസ് ലോയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു; ജസ്റ്റ്ിസ് മുരളീധരനും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളി

ഡല്‍ഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധര്‍ ഒരു കണക്കിന് ഭാഗ്യവാനാണ് കാരണം ജസ്റ്റിസ് ലോയയുടെ ഗതി അദ്ദേഹത്തിനുണ്ടായില്ലല്ലോ എന്ന് ആശ്വസിക്കാം. രാജ്യം അത്രമേല്‍ ആകാംഷയോടെ ഉറ്റു നോക്കിയിരുന്ന കേസായിരുന്നു സെഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. ഈ കേസില്‍, അമിത് ഷാ മുഖ്യ പ്രതിയായിരുന്ന കേസില്‍ വാദം കേട്ടു കൊണ്ടിരിക്കെയാണ് ജസ്റ്റിസ് ലോയ മരണപ്പെടുന്നത്. അത് അതൊരു സ്വാഭാവിക മരണമല്ല കൊലപാതകമാണെന്ന് പിന്നീട് ലോയയുടെ കുടുബാംഗങ്ങള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പിന്നീട് യാതൊരു തുടരന്വേഷണവുമുണ്ടായില്ല, അമിത് ഷാ ക്ലീന്‍ചിറ്റ് നേടി സേഫ് ആകുകയും ചെയ്തു. അതിനാല്‍ തന്നെ ഇന്ന് ജസ്റ്റിസ് എസ്. മുരളീധറിനെ ഒരു സ്ഥലം മാറ്റത്തില്‍ ഒതുക്കിയത് ഭാഗ്യമായി തന്നെ കരുതാം. അതേസമയം ഭരണകൂടം ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിയുടെ കാലന്മാരായി തീര്‍ന്നിരിക്കുന്നുവെന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്.

ഈ രാജ്യത്ത്, ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് എന്താണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വര്‍ഗീയ വിഷം കുത്തിനിറച്ച് കലാപത്തിലേക്ക് രാജ്യത്തെ തള്ളിവിട്ട് രസിക്കുന്ന ഭരണകൂടം. ജനങ്ങളെ കലാപകാരികള്‍ കൊന്നു തള്ളുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന് വിരുന്നൊരുക്കുന്ന നെറികെട്ട ഭരണകൂട നേതാക്കള്‍. ആളുകള്‍ മരിച്ചു വീഴുമ്പോഴും സ്ഥിതി ശാന്തമാണെന്ന് ആവര്‍ത്തിച്ച് പറയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും. എന്നാല്‍ ഇതൊക്കെ കണ്ട് കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ അധധികാരത്തിന്റെ അപ്പക്കഷണത്തിന്റെ എച്ചില്‍ നക്കാത്ത, നട്ടെല്ല് നിവര്‍ത്തി അനീതിയെ ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള, നീതി നടപ്പാക്കാന്‍ ഏത് അര്‍ദ്ധരാത്രിയെയും പകലാക്കി പ്രവര്‍ത്തിക്കാനുള്ള മനസ്സുള്ള ഒരു ന്യായാധിപന്‍ മുന്നോട്ടു വരുന്നു. എന്നാല്‍ രാജ്യവും ഈ രാജ്യത്തെ ജനങ്ങള്‍ കത്തിയെരിഞ്ഞു തീരേണ്ടത് ഇവിടുത്തെ സര്‍ക്കാരിന്റെ, സംഘപരിവാര്‍ സര്‍ക്കാരിന്റെ അജണ്ടയാണെന്നിരിക്കെ ആ ന്യായാധിപന് തല്‍സ്ഥാനത്ത് നിലനില്‍പ്പില്ലാതാവുന്നു. അദ്ദേഹത്തെ അവിടെ നിന്നും രാത്രിക്കു രാത്രി വേരോടെ പറിച്ചു മാറ്റുന്നു.

ജസ്റ്റിസ് എസ്. മുരളീധറിനോട് കേന്ദ്രസര്‍ക്കാരിനുണ്ടായ അമര്‍ഷത്തിന്റെ പ്രധാന കാരണം അദ്ദേഹം ന്യായത്തിനൊപ്പം നിലകൊണ്ടതാണ്. ഡല്‍ഹിയില്‍ ഗുജറാത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയതാണ്. ഭരണകൂടത്തിന്റെ ലക്ഷ്യ പൂര്‍ത്തികരണത്തിന് വിലങ്ങു തടിയായതാണ്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി തന്നെ ഡല്‍ഹി വിഷയത്തില്‍ അടിയന്തരമായി ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ ഈ ജസ്റ്റിസിനോട് സര്‍ക്കാരിന് തീര്‍ത്താല്‍ തീരാത്ത ദേഷ്യവും വൈരാഗ്യവും ഉടലെടുത്തിരുന്നു.

തുടര്‍ന്ന് കലാപം സംബന്ധിച്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണമാവശ്യപ്പെട്ടുള്ള കേസ് ഇന്നലെ തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് എസ്. മുരളീധറിന്റെ ബെഞ്ചില്‍നിന്നു മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുക.

പിന്നാലെയാണു സ്ഥലംമാറ്റ ഉത്തരവ്. സാധാരണ സ്ഥലമാറ്റ ഉത്തരവില്‍ ജോലിക്കു ചേരാനുള്ള സമയം വ്യക്തമാക്കാറുള്ളതാണ്. ഇന്നലെ അര്‍ദ്ധ രാത്രിയിറങ്ങിയ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പക്ഷേ, ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് ഇന്നു ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് മുരളീധര്‍ ഹൈക്കോടതിയിലുണ്ടാവില്ല. മുരളീധറിനെ സ്ഥലം മാറ്റാനുള്ള കൊളീജിയം ശുപാര്‍ശ സംബന്ധിച്ച വിവരം കഴിഞ്ഞദിവസം പുറത്തുവന്നപ്പോള്‍ തന്നെ വിവാദമായിരുന്നു. സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഇന്നലെ വാദത്തിനിടെ, കേസ് പരാമര്‍ശ ഘട്ടത്തിലായതിനാല്‍ ചീഫ് ജസ്റ്റിസാണു പരിഗണിക്കേണ്ടതെന്നും ഇന്നത്തേക്കു മാറ്റണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ചീഫ് ജസ്റ്റിസ് അവധിയിലാണെന്നും അടിയന്തര സ്വഭാവമുള്ളതിനാല്‍ ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ പാലിച്ചു തന്റെ ബെഞ്ച് കേസ് പരിഗണിക്കുകയാണെന്നും ജസ്റ്റിസ് മുരളീധര്‍ മറുപടി നല്‍കി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി ജസ്റ്റിസ് എസ്. മുരളീധറിന്റെ വസതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി 12.30 ന് അടിയന്തരമായി വാദം കേട്ടത്. അക്രമത്തില്‍ പരുക്കേറ്റവരെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ സഹായം ആവശ്യപ്പെട്ടിട്ടും എട്ടു മണിക്കൂര്‍ പൊലീസ് അനങ്ങിയില്ലെന്ന വിവരം ജഡ്ജി തന്നെ ആശുപത്രിയിലേക്കു നേരിട്ടു വിളിച്ചപ്പോഴാണ് ബോധ്യമായത്.

‘ആശുപത്രിയില്‍ രണ്ട് മൃതദേഹങ്ങളുണ്ട്, 22 പരുക്കേറ്റവരുമുണ്ട്, ഇവരെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ വൈകിട്ട് നാലു മുതല്‍ പൊലീസിനെ വിളിക്കുകയാണ്’ എന്നാണ് ന്യൂ മുസ്തഫാബാദ് അല്‍ ഹിന്ദ് ആശുപത്രിയിലെ ഡോക്ടര്‍ ഫോണില്‍ കോടതിയോട് പറഞ്ഞത്. ഇതേ തുടര്‍ന്നാണ്, അര്‍ധരാത്രി തന്നെ അല്‍ ഹിന്ദ് ആശുപത്രിയിലുള്ളവരെ ജിടിബി ആശുപത്രിയിലേക്കു മാറ്റാന്‍ കോടതി പൊലീസിന് കര്‍ശനനിര്‍ദേശം നല്‍കിയത്.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപിനേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുക.

പൗരത്വ നിയമപ്രശ്നത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രസംഗങ്ങള്‍ കേട്ടില്ലെന്നു കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനും പറഞ്ഞപ്പോഴാണു ജസ്റ്റിസ് എസ്. മുരളീധര്‍ വിഡിയോ ക്ലിപ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

സംഘര്‍ഷത്തെക്കുറിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. സാമാന്യനീതിക്കു നിരക്കാത്ത സംഭവങ്ങള്‍ രാജ്യത്ത് അരങ്ങേറുമ്പോള്‍ എങ്ങനെ ജനാധിപത്യത്തിന്റെ മണ്ണില്‍ ജനിച്ച വീണ ഓരോ പൗരനും അടങ്ങിയിരിക്കാവും… രാജ്യം കത്തിയമരുമ്പോള്‍ എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങാനാവും… ഇതെല്ലാം കണക്കിലെടുത്താണ്, രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കാനാണ് ജസ്റ്റിസ് എസ്. മുരളീധര്‍ മുന്നോട്ടു വന്നത്. എന്നാല്‍ ഇവിടുത്തെ നെറികെട്ട ഭരണകൂടം രാജ്യത്തെ കത്തിച്ച് ചാമ്പലാക്കാന്‍ തന്നെയുറച്ചാണ്.

ഇതൊക്കെ കാണുമ്പോള്‍ നിന്ന നില്‍പ്പില്‍ ഉറഞ്ഞ് പോകുകയാണ്. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ മരവിച്ച് നില്‍ക്കേണ്ടി വരുന്ന അവസ്ഥ…. നീതിയും നിയമവാഴ്ചയും ജനാധിപത്യവും ഭരണഘടനയും പൗരാവകാശങ്ങളുമെന്നല്ല, ജീവിക്കാനുള്ള അവകാശം പോലും ഒരുപിടി രണ്ട് ദിനോസറുകള്‍ക്ക് തീറെഴുതിക്കൊടുത്തു കഴിഞ്ഞ ഈ രാജ്യത്ത് ഇനി എത്രനാള്‍കൂടി അധികാരത്തിന്റെ എച്ചില്‍ നക്കാന്‍ തയ്യാറല്ലാത്ത മനുഷ്യരായ നമുക്ക് ജീവനോടെ പുലരാന്‍കഴിയും…..

Vinkmag ad

Read Previous

നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

Read Next

ഡല്‍ഹിയില്‍ ഇന്നലെ രാത്രിയും അക്രമങ്ങള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റു

Leave a Reply

Most Popular