കളികൂട്ടുകാരനെ കൊല്ലാന്‍ യുട്യൂബില്‍ പഠിച്ചു; കഴുത്ത് വെട്ടാന്‍ കോടാലിയും കരുതി; മലയാളികളെ ഞെട്ടിച്ച കൊടുമണ്‍ കൊലയുടെ കഥ

പത്തനംതിട്ട കൊടുമണ്ണില്‍ പത്താംക്ലാസുകാരനെ കഴുത്തറത്ത് കൊന്നസംഭവത്തില്‍ പ്രതികളായ സഹപാഠികളായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്. മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറക്കാന്‍ ശ്രമിച്ചത് യൂട്യൂബ് വീഡിയോകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്നാണെന്നാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

സിനിമ കണ്ടതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഴുത്തറുത്തതെന്നാണു പ്രതികളുടെ മൊഴി. യു ട്യൂബില്‍ ഇത്തരം നിരവധി വീഡിയോകള്‍ ലഭ്യമാണ്. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കുട്ടികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി ബന്ധമുണ്ടോ, മറ്റേതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ പെടുന്നത്. കൊലപാതകം നടത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനുമുള്ള കാര്യങ്ങള്‍ ഇവര്‍ ഇന്റര്‍ നെറ്റില്‍ പരിശോധിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുട്ടികളുടെ സുരക്ഷക്കായി മാതാപിതാക്കള്‍ വാങ്ങി നല്‍കിയ മൊബൈല്‍ഫോണുകള്‍ ക്രിമിനല്‍ പശ്ചാതലത്തിലേയ്ക്ക് കുട്ടികളെ നയിച്ചുവെന്നതിനുള്ള തെളിവാണ് കൊടുമണ്‍ കൊലപാതകം.

പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടു വരുത്തി എന്നതാണു കൊലപാതകത്തിനുള്ള പ്രകോപനമായി പ്രതികള്‍ പറയുന്നത്. എന്നാല്‍ ഇത് പൊലീസ് വിശ്വസിക്കുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാ പരമായ ശിക്ഷ പ്രതികള്‍ക്ക് ഉറപ്പു വരുത്താനാണ് പൊലീസ് നീക്കം.

പ്രതികള്‍ രണ്ടു പേരും 16 വയസ് കഴിഞ്ഞവരാണ്. ഇവര്‍ കൊലപാതകത്തിനും തെളിവു നശിപ്പിക്കലും നടത്തിയ രീതിയുടെ അവസ്ഥ മതിയായ ശിക്ഷ ലഭിക്കാന്‍ പര്യാപ്തമാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം നടന്ന അങ്ങാടിക്കലിലെ റബര്‍ തോട്ടം, കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെത്തിയ ഡി.ഐ.ജി. നാട്ടുകാരില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരിസരവാസികളെയും ദൃക്സാക്ഷികളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

റോളര്‍ സ്‌കേറ്റിംങ് കഥ എത്രത്തോളം ശരിയാണെന്നു പരിശോധിക്കാന്‍ ഡി.ഐ.ജി. നിര്‍ദേശിച്ചു. പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, മൃതദേഹത്തിന്റെ കഴുത്തറക്കാനുള്ള പ്രേരണ എവിടെനിന്നു കിട്ടി എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തും. കോടാലി അടക്കമുള്ള ഉപകരണങ്ങള്‍ പ്രതികള്‍ കരുതിയിരുന്നതിനാലാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണോ എന്നു സംശയിക്കാന്‍ കാരണം. മൂന്ന് വര്‍ഷമായിട്ടുള്ള കളികൂട്ടുകാരനെയാണ് ക്രൂരമായി ഇവര്‍ കൊലപ്പെടുത്തിയത് എന്നതാണ് എല്ലാവരെയും ഞെട്ടിയ്ക്കുന്നത്.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; എട്ടുപേര്‍ രോഗമുക്തരായി

Read Next

ഹജ്ജിന് പോകാന്‍ സ്വരുകൂട്ടിയ പണമെടുത്ത് സാധുക്കളുടെ പട്ടിണിമാറ്റാനിറങ്ങിയ അബ്ദുള്‍ റഹ്മാന്റെ കഥ

Leave a Reply

Most Popular