ഡൽഹി കലാപത്തിൽ കലാപകാരികൾ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതിൻ്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. പടക്ക് കിഴക്കൻ ഡൽഹിയിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ യമുന വിഹാറിലെ ഒരു നഴ്സിംഗ് ഹോമിൻ്റെ മുകളിൽ നിന്നും കലാപകാരികൾ വെടിവയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമമായ എൻഡിടിവി പുറത്തുവിട്ടു.
യമുന വിഹാറിലെ മോഹൻ നഴ്സിംഗ് ഹോം എന്ന കെട്ടിടത്തിന് മുകളിൽ കൂടി നിൽക്കുന്ന മുപ്പതിനടുത്ത് കലാപകാരികൾ താഴെയുള്ളവർക്ക് നേരെ കല്ലെറിയുകയും തുടർന്ന് ഒരാൾ വെടിവയ്ക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
യമുന വിഹാറിന് എതിർ വശത്തുള്ള വശത്തുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ചാന്ദ്ബാഗിലെ ഒരു കെട്ടിടത്തിൽ നിന്നും എടുക്കപ്പെട്ടിട്ടുള്ള ദൃശ്യങ്ങളാണിത്. തലയിൽ ഹെൽമറ്റ് ധരിച്ച കറുത്ത ജാക്കറ്റണിഞ്ഞ വ്യക്തിയാണ് താഴെയുള്ള ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കുന്നതായി ദൃശ്യങ്ങളിൽ കാണാനാകുന്നത്.
ഡൽഹിയിൽ ആസൂത്രിതമായി നടപ്പാക്കിയ കലാപത്തിൽ പോലീസ് കലാപകാരികൾക്കൊപ്പം നിന്ന് മുസ്ലീം വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ നേരത്തെ ബിബിസി പുറത്തുവിട്ടിരുന്നു. പോലീസിൻ്റെ സഹായം കലാപകാരികൾക്ക് ലഭിച്ചിരുന്നെന്ന് തെളിയിക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്.
