ഡൽഹി കലാപക്കേസുകൾ പരിഗണിച്ച ജസ്റ്റിസ് മുരളീധറിൻ്റെ സ്ഥലം മാറ്റത്തിന് പിന്നാലെ വലിയ മാറ്റമാണ് കോടതി നടപടികളിൽ ഉണ്ടായിരിക്കുന്നത്. ഇരകളുടെ പരാതികൾക്ക് മുൻതൂക്കം നൽകുന്ന നിലയിൽ നിന്നും മാറിയ കോടതി കേന്ദ്രത്തിൻ്റെ വാദങ്ങൾക്കും മറ്റു ബിജെപി അനുകൂല ഹർജികൾക്കും വലിയ പരിഗണനയാണ് നൽകുന്നത്.
ഡൽഹി കലാപത്തിനിടയാക്കിയ വിദ്വേഷ പ്രസംഗങ്ങളിൽ ബിജെപി നേതാക്കൾക്കെതിരെയുള്ള നടപടി വൈകിക്കുന്ന കോടതി പക്ഷേ കലാപവുമായി യാതൊരു ബന്ധവുമില്ലാത്ത പൗരത്വ സമര നേതാക്കളെ ഉന്നമിട്ടുള്ള ഹർജികളിൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
ഡല്‍ഹി കലാപത്തിൻ്റെ പേരിൽ സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍, സ്വര ഭാസ്‌കര്‍, ആര്‍.ജെ സയമ, അമന്തുല്ല ഖാന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അസദുദ്ദീൻ ഉവൈസിക്കും അക്ക്ബറുദ്ദീന്‍ ഒവൈസിക്കും വാരിസ് പത്താനും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന നല്‍കിയ ഹര്‍ജിയിലും കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സാമൂഹിക പ്രവർത്തകരോടുള്ള വൈരാഗ്യം തീർക്കുകയാണ് ഇത്തരം ഹർജികളിലൂടെ എന്ന വിമർശനം ശക്തമാണ്.
കലാപത്തിന്റെ അന്വേഷണം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ദേശീയ അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് കുമാർ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ബോളിവുഡ് നടി സ്വര ഭാസ്‌കർ, റേഡിയോ ജോക്കി സമേയ, സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദർ, ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുല്ല ഖാൻ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
അർച്ചന ശർമ എന്ന അഭിഭാഷക നൽകിയ മറ്റൊരു ഹരജിയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, വാരിസ് പത്താൻ, അക്ബർ ഉവൈസി, മഹ്മൂദ് പ്രാച, എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാൻ എന്നിവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്.
ഡൽഹിയിലെ അക്രമ സംഭവങ്ങളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹർഷ് മന്ദർ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹരജിയിലാണ് നേരത്തെ ഡൽഹിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കോടതി വിളിച്ചുവരുത്തുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തത്.
